തിരുവനന്തപുരം: സിപിഎമ്മിനെ വീണ്ടും പരസ്യ സംവാദത്തിന് ക്ഷണിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തനിക്കെതിരായ ആരോപണത്തില്‍ ആരോഗ്യകരമായ ഏത് സംവാദത്തിനും തയ്യാറാണെന്നും ഇടുക്കിയിലായതിനാല്‍ എംഎം മണിയുമായി സംവദിക്കാന്‍ തയ്യാറാണെന്നും കുഴല്‍നാടന്‍ വിശദീകരിച്ചു. കുടുംബ വീട്ടിലെ റവന്യൂ പരിശോധനയെ സ്വാഗതം ചെയ്ത കുഴല്‍നാടന്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ രേഖകള്‍ പുറത്തു വിടാന്‍ തയ്യാറുണ്ടോയെന്നും വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കുമോയെന്നും ചോദിച്ചു.
പൊതുരംഗത്ത് സുതാര്യത ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ആളാണ് ഞാന്‍. എനിക്ക് വരുമാനത്തില്‍ കൂടുതല്‍ സ്വത്ത് ഉണ്ടോയെന്ന് സി പി എമ്മിന് പരിശോധിക്കാം. പക്ഷെ കണക്ക് അറിയാവുന്ന ആരെങ്കിലും വരണം. സിപിഎമ്മില്‍ നിന്ന് ആര്‍ക്ക് വേണമെങ്കിലും രേഖകള്‍ പരിശോധിക്കാം. വിചാരണക്കിരിക്കാന്‍ ഇനിയും തയ്യാറാണ്. നികുതി സംബന്ധിച്ച് അറിയണമെങ്കില്‍, ഇതേക്കുറിച്ച് അറിയാവുന്നവര്‍ക്ക് വരാം. അത് കൊണ്ടാണ് തോമസ് ഐസക്കിനെ ക്ഷണിച്ചതെന്നും കുഴല്‍നാടന്‍ വിശദീകരിച്ചു. അതേസമയം ചിന്നക്കനാലിലെ റിസോര്‍ട്ട് വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണങ്ങള്‍ കടുപ്പിക്കുകയാണ് സിപിഎം. ചിന്നക്കനാലിലേത് ഗസ്റ്റ് ഹൗസെന്ന വാദം തളളിയ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി റിസോര്‍ട്ടിലെ ബുക്കിങ് രേഖകളും പുറത്തുവിട്ടു.