കൊച്ചി: തന്റെ അഭിഭാഷക സ്ഥാപനത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം ഏത് ഏജന്‍സിയെ വെച്ചും അന്വേഷിക്കുന്നതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ഇഡിയോ വിജിലന്‍സോ ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോട്ടെ. തനിക്കെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുന്നതായി മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് അകത്ത് ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ അത് അന്വേഷിക്കുന്നതിന് സ്വന്തമായി കമ്മീഷനെ വെയ്ക്കുന്ന രീതിയാണാലോ സിപിഎമ്മിനുള്ളത്. തന്റെ സ്ഥാപനത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അത്തരത്തില്‍ കമ്മീഷനെ വെച്ച് അന്വേഷിക്കാന്‍ സിപിഎമ്മിനെ മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു.
ആരെങ്കിലും വന്ന് അന്വേഷിച്ചാല്‍ പോരാ!, സാമ്പത്തിക വിദഗ്ധനും കുറച്ചെങ്കിലും മര്യാദ പുലര്‍ത്തുകയും ചെയ്യുന്ന തോമസ് ഐസക്കിനെ അന്വേഷണത്തിന് വെയ്ക്കണമെന്ന് നിര്‍ദേശിക്കുന്നു. അദ്ദേഹത്തിന് വന്ന് രേഖകള്‍ പരിശോധിക്കാം. ഏത് പരിശോധനയോടും സഹകരിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. തന്റെ സ്ഥാപനത്തെ കുറിച്ച് അന്വേഷിക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും തയ്യാറാവണം. എക്സ ലോഞ്ചിക്കിന്റെ 2016 മുതലുള്ള നികുതി കണക്കുകള്‍ പുറത്തുവിടാന്‍ വീണാ വിജയന്‍ തയ്യാറാകുമോ? വീണാ വിജയനെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആണാലോ. അത്തരത്തില്‍ എക്സ ലോഞ്ചിക്കിന്റെ നികുതി കണക്കുകള്‍ പുറത്തുവിടാന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതായും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.