കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് മുൻ മന്ത്രിയും സി.പി.എം നേതാവുമായ പി.എ മുഹമ്മദ് റിയാസിന്റെ ഇന്നത്തെ പ്രതികരണം കേട്ടപ്പോൾ തനിക്ക് തോന്നിയതെന്ന് കോൺഗസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. സി.എം.ആർ.എൽ-എക്‌സാലോജിക് മാസപ്പടി കേസിൽ ഇ.ഡി നടപടിയെ വിമർശിച്ച് റിയാസ് രംഗത്തെത്തിയതിന് പിന്നാലെയാണ് കുഴൽനാടന്റെ പ്രതികരണം. പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ ഇഡി ആരെയോ ഭീഷണിപ്പെടുത്തി എന്നാണ് റിയാസ് പറയുന്നത്. വാസ്തവ വിരുദ്ധമായ നിരവധി കാര്യങ്ങൾ റിയാസ് പറഞ്ഞിട്ടുണ്ട്. വീണ സേവനം നൽകിയിട്ടില്ല എന്ന് സി.എം.ആർ.എല്ലോ അതിന്റെ എംഡിയോ ഉദ്യോഗസ്ഥരോ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്.
‘വീണ ഒരു സേവനവും ഞങ്ങൾക്ക് നൽകിയിട്ടില്ല’ എന്ന് കരിമണൽ കർത്ത എന്ന സിഎംആർഎൽ എംഡിയുടെയും ആ കമ്പനിയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെയും മൊഴി പകർപ്പ് ഞാൻ അദ്ദേഹത്തിന് കൊടുക്കാൻ തയ്യാറാണ്. അതുകൊണ്ട് ഇതുപോലെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ ദയവുചെയ്ത് അങ്ങ് പറയരുത്. രണ്ടു കാര്യങ്ങളാണ് റിയാസ് പറഞ്ഞത്. ഇഡിയെ കണ്ട് ഭയപ്പെടുന്നവരല്ല തങ്ങളെന്നും ഏതറ്റം വരെയും പോരാടും എന്നും ഒരു വഴിക്ക് പറയും. അതേ നാക്കുകൊണ്ട് പറയുകയാണ് സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ഇഡി ഭീഷണിപ്പെടുത്തി തനിക്കെതിരെ മൊഴി വാങ്ങുന്നു എന്ന്. എന്തിനാണ് ഇങ്ങനെ രണ്ടു രീതിയിൽ സംസാരിക്കുന്നത്?
കേരളത്തിന്റെ പൊതുസമൂഹത്തിന് വേണ്ടി റിയാസിനോട് സ്ട്രൈറ്റ് ആയി ചോദിക്കുകയാണ്. നിങ്ങളുടെ ഭാര്യ, അതായത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കോ നിങ്ങളോടൊപ്പം നിൽക്കുന്നവർക്കോ കോടിക്കണക്കിന് രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടില്ല എന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ? ഈ ചോദ്യത്തിന് ഉത്തരം തന്നാൽ റിയാസ് എങ്ങനെ പ്രതിയാകും എന്ന് ആശ്ചര്യപ്പെടുന്നവർക്ക് ബാക്കി പറഞ്ഞുതരാം. രണ്ടാമത്തെ ചോദ്യം നിങ്ങളുടെ ഭാര്യ വിദേശത്തേക്ക് ഇവിടെ നിന്നും പണം അയച്ചിട്ടുണ്ടോ? ഇതിന് റിയാസിന്റെ മറുപടി വന്നാൽ ബാക്കി കാര്യങ്ങൾ ഞാൻ നിങ്ങളോട് പറയാം -മാത്യു കുഴൽനാടൻ പറഞ്ഞു.































