തിരുവല്ല : കോവിഡ് പ്രതിരോധത്തിന് സഹായകരമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് മതിയായ തുക വകയിരുത്തുമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കും. ഡിജിറ്റല്‍ എക്‌സ്റേ സംവിധാനം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും. ഒപി വിഭാഗത്തിലെ തിരക്ക് കുറയ്ക്കുന്നതിനും പരിശോധനാ സ്ഥലങ്ങളിലെ സൗകര്യം വര്‍ധിപ്പിക്കുന്നതിനും പരിശോധനാ മുറികള്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിലേക്കു മാറ്റും. പൊതുജനാരോഗ്യകേന്ദ്രം ഐപി ബ്ലോക്കിന്റെ ഒന്നാം നിലയിലേക്കു മാറ്റും. ഇവിടേക്കുള്ള നടപ്പാതയിലും രണ്ടാം നിലയ്ക്ക് മുകളിലും മേല്‍ക്കൂര നിര്‍മിക്കുന്നതിന് ആവശ്യമായ തുക എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും വകയിരുത്തും. ജീവിതശൈലി രോഗികളുടെയും അടിയന്തര സാഹചര്യങ്ങളില്‍ എത്തുന്ന മറ്റുള്ളവരുടെയും എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും അനുബന്ധ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍, ജല അതോറിറ്റി ബോര്‍ഡ് അംഗം അലക്‌സ് കണ്ണമല, ബിനു വറുഗീസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ് പി. ജോയ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.