റാന്നി: ഇപ്പോള്‍ എല്ലാദിവസവും കേൾക്കുന്ന മോഡിയുടെ ഗ്യാരണ്ടി ബി.ജെ.പി നേരത്തെ നമ്മുക്ക് നൽകിയ ഉറപ്പുകളുടെ നുണകോട്ടയാണെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട പാര്‍ലമെന്‍റ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസകിന്‍റെ റാന്നി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഗ്ദാനങ്ങളുടെ പശ്ചാത്തലത്തിൽ നമ്മുടെ അനുഭവത്തെ അടിസ്ഥാനപ്പെടുത്തി മാത്രം വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന കള്ള പണം തിരിച്ചെത്തിക്കുമെന്നത് പൊളിഞ്ഞ ഗ്യാരണ്ടിയായി മാറി. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്‍തോതില്‍ പണം വന്നു കൊണ്ടിരിക്കുകയാണ്. തൊഴില്‍ ഇല്ലായ്മ ഏറ്റവും രൂക്ഷമായി നില്‍ക്കുകയാണ്. അഞ്ചുവർഷംകൊണ്ട് പത്തു കോടി യുവാക്കള്‍ക്ക് തൊഴിൽ നൽകുമെന്നത് വെറും വാഗ്ദാനമായി മാറി. ഒഴിവുകൾ ഒഴിഞ്ഞ് കിടക്കുന്നുവെന്ന ഒരു യാഥാർത്ഥ്യത്തില്‍ എവിടെയാണ് ഗ്യാരണ്ടിയെന്നും അദ്ദേഹം ചോദിച്ചു.
അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.തോമസ് ഐസക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജി പി.രാജപ്പന്‍, മുന്‍ എം.എല്‍.എ രാജു എബ്രഹാം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. സജി ചാക്കോ, ഇടതു പക്ഷ നേതാക്കളായ പി.ആര്‍ പ്രസാദ്, ജോജോ കോവൂര്‍, കെ.സതീഷ്, ആലിച്ചന്‍ ആറൊന്നില്‍, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, ജോര്‍ജ് എബ്രഹാം, എം.എസ് രാജേന്ദ്രന്‍, പി.എസ് മോഹന്‍, കെ.ജി റോയി, ടി.എന്‍ ശിവന്‍കുട്ടി, എബ്രഹാം കുളമട, കോമളം അനിരുദ്ധൻ, എം എസ് രാജേന്ദ്രൻ, സന്തോഷ് കെ ചാണ്ടി, മാത്യു ഡാനിയേൽ, ജോസഫ് കുര്യാക്കോസ്, കെ എസ് ഗോപി, ബിന്ദു ചന്ദ്രമോഹൻ, ചെറിയാന്‍ ജോര്‍ജ് തമ്പു, ബിനു തെള്ളിയില്‍ എന്നിവർ പ്രസംഗിച്ചു. 1001 അംഗ തിരഞ്ഞെടുപ്പ് കമ്മറ്റിയെയും ഭാരവാഹികളായി അഡ്വ. പ്രമോദ് നാരായൺ എം എൽ എ (പ്രസിഡൻ്റ്), പി ആർ പ്രസാദ് (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.