തിരുവനന്തപുരം: നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്നതിന് തിരുവനന്തപുരത്തെ 10 കോളേജുകളിൽ എഐ ലാബുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഡ്വാൻസ്‌ഡ് കമ്പ്യൂട്ടിങിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മിത ബുദ്ധി നൂതനാശയ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യ എഐ ദൗത്യത്തിന്റെ ഭാഗമായാണ് പുതിയ എഐ ലാബുകൾ തിരുവനന്തപുരത്ത് വരുന്നത്. ഗവണ്മെന്റ്, സ്വകാര്യ മേഖലകളിലെ 17 കോളേജുകളിൽ നിന്നാണ് എ ഐ ലാബുകൾ സ്ഥാപിക്കുന്നതിന് അപേക്ഷ ലഭിച്ചത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 കോളേജുകളുടെ പട്ടിക അടുത്ത ഘട്ടത്തിൽ അറിയിക്കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
സാങ്കേതിക മേഖലയിലെ ആഗോള കമ്പനിയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്. എഐ പരിശീലനം നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യം കേന്ദ്ര ഗവണ്മെന്റ് ലഭ്യമാക്കും. കോളേജുകൾ തയാറാകുന്നതിനനുസരിച്ച് പരിശീലനം ആരംഭിക്കും. ഒരുകാലത്ത് തിരുവനന്തപുരം സാങ്കേതിക വിദ്യയുടെ കേന്ദ്രമായിയാണ് അറിയപ്പെട്ടിരുന്നത്. ആ പ്രൗഢി തിരികെ കൊണ്ടുവരുന്നതിന് പദ്ധതി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.