മാവേലിക്കര : മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം അസൗകര്യങ്ങളുടെ നടുവിൽ. സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ മുകൾനിലയിലെ മേൽക്കൂര ശക്തമായി മഴപെയ്താൽ ചോരുന്നതാണ്. മേൽക്കൂരയുടെ പല ഭാഗങ്ങളിലും കോൺക്രീറ്റ് പാളികളായി അടർന്നുവീണ നിലയിലാണ്. കാലപ്പഴക്കമുള്ള കെട്ടിടം വർഷങ്ങൾക്കു മുൻപുതന്നെ പൊളിച്ചുപണിയേണ്ടതായിരുന്നു. നിലവിലെ ഓഫീസ് കെട്ടിടം പൊളിച്ചുപണിയുമ്പോൾ നഗരസഭാ നിയമമനുസരിച്ച് തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ റോഡിൽനിന്ന് മൂന്നുമീറ്റർ അകത്തേക്കു മാറ്റിനിർമിക്കേണ്ടിവരും.
പുതിയ താലൂക്ക് ഓഫീസ് കെട്ടിടം നിർമിച്ചത് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തോടു ചേർന്നാണ്. താലൂക്ക് ഓഫീസ് കെട്ടിടത്തിൽനിന്ന് നിശ്ചിത അകലം പാലിക്കേണ്ടിവരുമ്പോൾ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമിക്കാൻ മതിയായ സ്ഥലമില്ലാത്ത അവസ്ഥയുണ്ടാകും. ഇപ്പോഴത്തെ കെട്ടിടനിർമാണച്ചട്ടങ്ങളനുസരിച്ച് സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നഗരത്തിൽത്തന്നെ മറ്റെവിടെയെങ്കിലും സ്ഥലംകണ്ടെത്തി പുതിയ കെട്ടിടം നിർമിച്ചോ സർക്കാരിന്റെ അധീനതയിലുള്ള മറ്റേതെങ്കിലും കെട്ടിടങ്ങളിലേക്കോ സബ് രജിസ്ട്രാർ ഓഫീസ് മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്.