ന്യൂഡല്‍ഹി: 2021 മെയ് മാസത്തില്‍ 12 ബാങ്ക് അവധി ദിനങ്ങള്‍. വാരാന്ത്യ അവധി ദിനങ്ങളും ഉത്സവങ്ങളും ഉള്‍പ്പെടെയാണിത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന പൊതുഅവധി ദിനങ്ങള്‍ക്ക് പുറമെ ചില സംസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകമാകുന്ന അവധി ദിനങ്ങളുമുണ്ട്.
ആര്‍.ബി.ഐ കലണ്ടറനുസരിച്ച് മെയ് 14ന് ഈദുല്‍ ഫിത്തറിന് ഭൂരിഭാഗം സംസ്ഥാനങ്ങളിലും അവധി ദിനമാണ്. ഇതുകൂടാതെ മെയ് 1, മെയ് 7, മെയ് 13, മെയ് 14, മെയ് 26 എന്നീ ദിനങ്ങളിലെല്ലാം രാജ്യത്തെ പൊതു-സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്ക്, കോ ഓപ്പറേറ്റീവ് ബാങ്ക് എന്നിവക്കെല്ലാം ഈ അവധി ദിനങ്ങള്‍ ബാധകമാണ്. തൊഴിലാളി ദിനം, ജുമാഅത്ത് ഉല്‍ വിദ, ഈദുല്‍ ഫിത്തര്‍, അക്ഷയ തൃതീയ, ബുദ്ധ പൗര്‍ണിമ എന്നീ ദിവസങ്ങളാണിത്.
ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും സ്വകാര്യ, പൊതു ബാങ്കുകളില്‍ അവധി ദിനങ്ങളാണ്. മെയ് 2, 8, 9, 16, 22, 23, 30 എന്നീ ദിവസങ്ങളിലാണ് വാരാന്ത്യ അവധി ദിനങ്ങള്‍.
എന്നാല്‍ ഉത്സവദിനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കനുസരിച്ച് വ്യത്യാസമുള്ളതിനാല്‍ ഒരു സംസ്ഥാനത്തും അഞ്ച് അവധി ദിനങ്ങള്‍ ഒരുമിച്ച് വരുന്നില്ല. ബുദ്ധ പൗര്‍ണിമ ദിവസമായ മെയ് 26ന് കേരളത്തിലെ ബാങ്കുകള്‍ക്ക് അവധിയില്ല. മാത്രമല്ല ബാങ്കുകള്‍ അടഞ്ഞുകിടക്കുമെങ്കിലും മൊബൈല്‍, ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ല.