തിരുവനന്തപുരം : കരാര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദ കത്തില്‍ ഏത് അന്വേഷണത്തിനും തയ്യാറെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. മൊബൈല്‍ പരിശോധനയോട് അടക്കം സഹകരിക്കും. ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. കൗണ്‍സിലര്‍മാരുടെ പിന്തുണ തനിക്കുണ്ട്. എഫ്‌ഐആര്‍ ഇടുന്നതടക്കമുള്ള നടപടികള്‍ പോലീസ് തീരുമാനിക്കേണ്ട വിഷയമാണ്. രാജിവെയ്ക്കുന്ന പ്രശ്‌നമില്ലെന്നും മേയര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
‘കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ’ എന്നെഴുതിയ പ്ലക്കാര്‍ഡിനെയും മഹിളാ കോണ്‍ഗ്രസ് നേതാവ് ജെബി മേത്തര്‍ എംപിയുടെ പരാമര്‍ശത്തെയും മേയര്‍ വിമര്‍ശിച്ചു. മാനനഷ്ട കേസടക്കമുള്ള നിയമനടപടികള്‍ ആലോചിച്ച് മുന്നോട്ട് പോകുമെന്നും മേയര്‍ പറഞ്ഞു. വിവാദ കത്ത് കൊടുത്തിട്ടില്ലെന്ന് മേയർ നേരത്തെ വ്യക്തമാക്കിയിരുന്നു. കത്തിൽ ചില സംശയങ്ങളുണ്ടെന്നും നിയമനത്തിന് കത്ത് നൽകുന്ന രീതി സിപിഎമ്മിനില്ലെന്നും മേയർ പ്രതികരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും ആര്യ രാജേന്ദ്രൻ അറിയിച്ചിരുന്നു.
കരാര്‍ നിയമനത്തിനായി പാര്‍ട്ടി ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചെന്നായിരുന്നു ആരോപണം. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കുള്ള നിയമനത്തിനായി മുന്‍ഗണനാ ക്രമം നിശ്ചയിക്കാന്‍ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. 295 പേരുടെ നിയമനത്തിനായി തസ്തികയും ഒഴിവും സഹിതമാണ് കത്ത്. കൂടാതെ ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും കത്തില്‍ പറയുന്നു.
മേയറുടെ കത്ത് കണ്ടിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. പത്രത്തില്‍ കണ്ടാണ് കത്തിനെ കുറിച്ച് അറിഞ്ഞത്. കത്ത് വ്യാജമാണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ല. പോലീസില്‍ പരാതി നല്‍കണോ വേണ്ടയോ എന്നതില്‍ മേയറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.