തിരുവനന്തപുരം: മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച വിഷയം തേച്ചുമാച്ചുകളയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തിപ്പെടുത്തി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മേയറുടെ പേരിലുള്ള കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാനായില്ലെന്നും യഥാര്‍ത്ഥ കത്ത് കണ്ടെത്താനായിട്ടില്ലെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിജസ്ഥിതി കണ്ടെത്താന്‍ തുടരന്വേഷണം ആവശ്യമാണെന്നും ഇക്കാര്യത്തില്‍ ഡിജിപി തീരുമാനമെടുക്കട്ടെയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
കത്ത് വിവാദം തേയ്ച്ചു മായ്ച്ചു കളയാനാണ് കേസ് രജിസ്റ്റര്‍ചെയ്ത് തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതെന്നാണ് മേയറുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന പ്രതിപക്ഷ കക്ഷികളുടെയും മറ്റും ആക്ഷേപം. കേസ് രജിസ്റ്റര്‍ ചെയ്യാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡി.ജി.പിയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയും സ്ഥലത്തില്ലെന്നും അവധിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണം വൈകുന്നതിനെ അധികൃതര്‍ ന്യായീകരിക്കുന്നത്. കത്തിന്റെ ഉറവിടമോ കത്തിന്റെ ഒറിജിനലോ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടില്ല.
ഒരു സി.പി.എം ഏരിയ കമ്മിറ്റി അംഗമാണ് അതേ ഏരിയ കമ്മിറ്റിക്കു കീഴിലുള്ള ലോക്കല്‍ സെക്രട്ടറിക്ക് കത്ത് അയച്ചത്. ലോക്കല്‍ സെക്രട്ടറി തന്റെ ഫോണില്‍ നിന്നു വാട്സാപ്പ് ഗ്രൂപ്പില്‍ കത്ത് ഇട്ടപ്പോഴാണ് ചോര്‍ന്നത്. എന്നാല്‍, ഇക്കാര്യമൊന്നും അന്വേഷണ റിപ്പോര്‍ട്ടിലില്ല. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ മൊഴികള്‍ മാത്രമാണുള്ളത്. അന്വേഷണ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും തെളിവു ലഭിച്ചതിനെ പറ്റി പരാമര്‍ശമില്ല.ആരെയെങ്കിലും സംശയമുണ്ടോയെന്നുമില്ല. മൊഴികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മാത്രമാണത്. പാര്‍ട്ടിക്കാര്‍ക്കു തന്നെ സംശയമുള്ള രണ്ടു പേരുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഏരിയ കമ്മിറ്റി അംഗം വഴി പുറത്തായെന്ന് പറയപ്പെടുന്ന കത്തില്‍ അംഗത്തിനെതിരെ നടപടി വരുമെങ്കില്‍ അത് പാര്‍ട്ടിക്കും നഗരസഭയ്ക്കും നാണകേടുണ്ടാക്കും. സി.പി.എമ്മിലെ ചേരിപ്പോരിന്റെ അനന്തരഫലമാണ് കത്ത് ചോര്‍ച്ച എന്നാണ് പരസ്യമായ രഹസ്യം. ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് അട്ടിമറി ശ്രമമുണ്ടായി എന്നും വിലയിരുത്തലുണ്ട്.
കത്ത് വിവാദത്തിന്റെ തുടരന്വേഷണം ആര്‍ക്കെന്ന ആശയകുഴപ്പവും മാറിയിട്ടില്ല. ലോക്കല്‍ പോലീസിന് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് പിന്നീട് ഉപേക്ഷിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത് ലോക്കല്‍ പോലീസ് അന്വേഷിക്കുന്നത് വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന കാരണത്താലാണ് അതുപേക്ഷിച്ചത്. സൈബര്‍ സെല്ലിനൊ ക്രൈംബ്രാഞ്ച് സംഘത്തിനുതന്നെയൊ ചുമതല നല്‍കാനാണ് സാദ്ധ്യത.
സൈബര്‍ സെല്ലിന് നല്‍കിയാല്‍ കത്തിന്റെ ഉറവിടവും എവിടെ നിന്നാണ് പ്രചരിപ്പിച്ചതെന്നും തെളിയിക്കാനാവും. ക്രൈംബ്രാഞ്ചിനു തുടരന്വേഷണം നല്‍കിയാലും എഫ്.ഐര്‍.ആര്‍ രജിസ്റ്റര്‍ ചെയ്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കത്തിന്റെ ഉറവിടം വേണമെങ്കില്‍ കണ്ടെത്താം. സൈബര്‍ സെല്ലിന് ചുരങ്ങിയ ദിവസം കൊണ്ട് കത്തിന്റെ ഉറവിടവും മറ്റും കണ്ടെത്താനാവും. ക്രൈംബ്രാഞ്ചിന് കൂടുതല്‍ സമയം വേണ്ടിവരും. അങ്ങനെ നീട്ടിക്കൊണ്ടുപോയി പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാരും പാര്‍ട്ടിയും ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍.