കൊച്ചി : സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ജനമുന്നേറ്റങ്ങളിൽ ഒന്നായിരുന്നു കർഷക സമരമെന്ന് സ്‌പീക്കർ എം ബി രാജേഷ്. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ സമരം ചരിത്ര വിജയം നേടി. കർഷകരുടെ വിശാലമായിട്ടുള്ള ഐക്യവും യോജിപ്പും സമാനതകളില്ലാത്ത സഹനവും ത്യാഗവുമാണ് ചരിത്ര വിജയത്തിന് അടിസ്ഥാനമായത്.
കോർപ്പറേറ്റ് താത്പര്യങ്ങളെ മുൻനിർത്തിയുള്ള നവഉദാരവൽക്കരണ നയങ്ങളെ വിജയകരമായി ചെറുത്തു തോൽപ്പിക്കാം എന്ന പ്രധാനപ്പെട്ട പാഠവും ഇത് നൽകുന്നു. കർഷകർക്ക് മാത്രമല്ല ഇന്ത്യയിലെ എല്ലാ ജനാവിഭാഗങ്ങൾക്കും ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും വിലപ്പെട്ട പാഠം നൽകുന്നതാണ് ഈ വിജയം. ഒരു വർഷം നീണ്ട പോരാട്ടത്തിൽ പതറാതെയും പിന്മാറാതെയും അടിയുറച്ചു പോരാടിയ കർഷക പോരാളികളെ അഭിവാദ്യം ചെയ്യുന്നു. സമരമുഖത്ത് രക്തസാക്ഷികളായവരുടെ ജ്വലിക്കുന്ന ഓർമ്മകളെ ആദരവോടെ സ്‌മരിക്കുന്നതായും എം ബി രാജേഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.