തിരുവനന്തപുരം : എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല വിഷയത്തില്‍ എക്സൈസ് മന്ത്രി എം ബി രാജേഷുമായി സംവാദത്തിന് പാലക്കാട് എംപി വി കെ ശ്രീകണ്ഠനെ നിയോഗിക്കുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്ഥാവനക്ക് മറുപടിയുമായി എംബി രാജേഷ്. പകരം ആളെ അയക്കാന്‍ ഇത് മാമാങ്കമല്ലല്ലോയെന്ന് രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ആരോപണമുന്നയിച്ചവര്‍ ചര്‍ച്ചയ്ക്ക് വരട്ടെയെന്നും ഒപ്പം എംപിക്കും വരാമെന്നും എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിപക്ഷനേതാവുമായോ മുന്‍ പ്രതിപക്ഷനേതാവുമായോ ട്വന്റിഫോറിലൂടെ വിഷയത്തില്‍ സംവാദത്തിന് തയ്യാറെന്നായിരുന്നു എം ബി രാജേഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
സ്പിരിറ്റ് നിര്‍മ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദ്യം ആരോപണം ഉന്നയിച്ചത് രമേശ് ചെന്നിത്തലയാണ്. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് വി ഡി സതീശനും ആരോപണവുമായി രംഗത്തുവന്നു. ഇരുവരും മത്സരിച്ച് ആരോപണം ഉന്നയിക്കുകയും പിന്നീട് ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. സംവാദത്തിന് ഇവരില്‍ ആരെങ്കിലും വരുന്നതല്ലേ മര്യാദ? ഞങ്ങള്‍ക്ക് പകരം വേറെ ഒരാളെ അയയ്ക്കാം എന്ന് പറയുന്നത് എന്ത് മര്യാദയാണ്? ഇവര്‍ രണ്ടുപേരും, ഇവര്‍ നിയോഗിക്കാം എന്ന് പറയുന്നയാളും ഒരുമിച്ച് വരട്ടെ. അതിനും വിരോധമില്ല – എം ബി രാജേഷ് വ്യക്തമാക്കി.