പത്തനംതിട്ട : സ്പീക്കര്‍ സ്ഥാനം രാജിവെച്ച എം.ബി രാജേഷ് നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ രാവിലെ 11 മണിക്കാണ് ചടങ്ങുകള്‍ നടക്കുക. സിപിഐ എം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദന് മാസ്റ്റര്‍ രാജിവെച്ച ഒഴിവിലാണ് എം ബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷമേ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമാകൂ എങ്കിലും എംവി ഗോവിന്ദന് മാസ്റ്റര്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശം, എക്സൈസ് വകുപ്പുകള്‍ തന്നെ രാജേഷിന് ലഭിക്കാനാണ് സാധ്യത. എം.ബി രാജേഷ് രാജിവെച്ചതിനെ തുടര്‍ന്നുള്ള നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും. ഇതിനായി പ്രത്യേക നിയമസഭാസമ്മേളനം വിളിക്കാനാണ് തീരുമാനം.