തിരുവനന്തപുരം : മെഡിക്കല്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാറിന്റെ ഡ്രൈവറായിരുന്ന കിളിമാനൂര്‍ കുന്നുമ്മല്‍ സ്വദേശി പി.എസ് പ്രതീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു.
പ്രതീഷും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിരുന്നു. ഞായറാഴ്ച രാവിലെ നാല് മണിക്ക് ചന്തവിള കിന്‍ഫ്രയ്ക്ക് സമീപമായിരുന്നു സംഭവം. ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് എംബിബിഎസ് വിദ്യാര്‍ത്ഥി നിതിന്‍ സി ഹരി മരിച്ചത്.
ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊട്ടാരക്കര സ്വദേശി വിഷ്ണു ഗുരുതര പരിക്കോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ് നിതിനും വിഷ്ണുവും. കഴക്കൂട്ടം ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ ഇന്നോവ കാര്‍ ബൈക്കിലിടിക്കുകയായിരുന്നു.