ന്യൂഡല്‍ഹി : അപരനെ പരീക്ഷയ്ക്കിരുത്തിയ എംബിബിഎസ് ബിരുദധാരിയായ 35കാരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ മനോഹര്‍ സിങ് അണ് അറസ്റ്റിലായത്. താജിക്കിസ്ഥാനില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഇയാള്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യത നേടുന്ന പരീക്ഷയാണ് മറ്റൊരാളെകൊണ്ട് എഴുതിച്ചത്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് (എന്‍ബിഇ) നടത്തിയ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്സ് എക്സാമിനേഷനില്‍ (എഫ്‌എംജിഇ) മനോഹര്‍ സിങ് രജിസ്റ്റര്‍ ചെയ്തിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്ന് പ്രാഥമിക മെഡിക്കല്‍ യോഗ്യത പൂര്‍ത്തിയാക്കിയ ഇന്ത്യക്കാര്‍ക്കോ ഇന്ത്യയിലെ വിദേശ പൗരന്മാര്‍ക്കോ ഉള്ള പരീക്ഷയാണിത്.
2020 ഡിസംബര്‍ 4ന് നടത്തിയ എഫ്‌എംജിഇ സ്ക്രീനിങ് ടെസ്റ്റില്‍ മഥുര റോഡിലുള്ള ഒരു സെന്ററാണ് മനോഹര്‍ സിങ്ങിന് അനുവദിച്ചുകിട്ടിയത്. അപേക്ഷാ ഫോമിലെ ഫോട്ടോയും പരീക്ഷാ ദിവസം എടുത്ത ഫോട്ടോയും തമ്മിലുള്ള പൊരുത്തക്കേട് കാരണം യുവാവിന്റെ പരീക്ഷാഫലം തടഞ്ഞുവെച്ചു. ഫെയ്‌സ് ഐഡി പരിശോധിച്ചുറപ്പിക്കാന്‍ വിളിച്ചപ്പോഴും ഫോട്ടോകള്‍ തമ്മില്‍ ചേര്‍ന്നില്ല. പിന്നീട് ചോദ്യപേപ്പറിലെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ തെറ്റായ ഉത്തരം പറഞ്ഞു. ഇതോടെ യുവാവിനെ പോലീസ് സ്റ്റേഷനിലെത്തിച്ചു. മനോഹര്‍ സിങ്ങിനെ അറസ്റ്റ് ചെയ്യുകയും അഡ്മിറ്റ് കാര്‍ഡ്, എംബിബിഎസ് ബിരുദം, അപേക്ഷാ ഫോം എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
കഴിഞ്ഞ ആറ് വര്‍ഷമായി എഫ്‌എംജിഇ പാസാകാനുള്ള ശ്രമത്തിലായിരുന്നു താനെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മൂന്ന് കോടിയോളം രൂപ നല്‍കിയാല്‍ തന്റെ സ്ഥാനത്ത് പരീക്ഷ എഴുതാമെന്ന് ഒരു ഡോക്ടര്‍ വാഗ്ദാനം ചെയ്തെന്നും അയാളാണ് പരീക്ഷയ്ക്ക് ഹാജരായതെന്നും പ്രതി സമ്മതിച്ചു.