കൊച്ചി : വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം. തന്റെ ദുരനുഭവത്തെക്കുറിച്ച് പരാതി പറഞ്ഞ സ്ത്രീയോട് മോശമായ വാക്കുകളില്‍ എം.സി.ജോസഫൈന്‍ പ്രതികരിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ജോസഫൈന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും തിരുവനന്തപുരത്ത് വനിതാ കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇടുക്കിയില്‍ കെഎസ്‌യു പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചു.
കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്ത്രീകളോട് മര്യാദയായി പെരുമാറാന്‍ അറിയാത്ത ജോസഫൈന്‍ അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്നും എഐഎസ്എഫ് ആരോപിച്ചു. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈനെ മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡനത്തേക്കാള്‍ വലിയ മാനസികപീഡനമാണ് ജോസഫൈനില്‍ നിന്ന് നേരിടേണ്ടി വരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.