കോഴിക്കോട് : എം.സി.കമറുദ്ദീന്‍ എം.എല്‍.എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. എം.എല്‍.എയുള്‍പ്പെടെ കേസില്‍ പ്രതികളായവരെ ഈ മാസം ഇ.ഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന കമറുദ്ദീന്‍ എം.എല്‍.എയുടെ ആവശ്യത്തിനെതിരെ ഇ.ഡി ഹൈക്കോടതിയില്‍ തടസ ഹര്‍ജിയും സമര്‍പ്പിക്കും.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 98 കേസുകളാണ് വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നൂറ് കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായും കണക്കാക്കുന്നു. വ്യാപകമായി കള്ളപ്പണമൊഴുകിയെന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടിലൂടെ പണം വെളുപ്പിച്ചെന്നുമാണ് ഇ.ഡിയുടെ നിഗമനം. കമറുദ്ദീന്‍ എം.എല്‍.എയുടെയും കേസില്‍ പ്രതികളായ മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും നിക്ഷേപം സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ഇ.ഡി ശേഖരിച്ച് തുടങ്ങി. ഈമാസം ഇരുപതിന് മുന്‍പായി തട്ടിപ്പിനിരയായവരുടെ മൊഴിയെടുക്കല്‍ തുടങ്ങും. പിന്നാലെ എം.എല്‍.എയെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ചോദ്യം ചെയ്യും. ലീഗ് സംസ്ഥാന ഭാരവാഹികളും ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വരും.
ഇതിനിടയിലാണ് പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ എം.എല്‍.എ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം തുടങ്ങിയെന്നും എം.എല്‍.എയെ ഒഴിവാക്കിയാല്‍ നടപടികള്‍ മുന്നോട്ട് നീക്കാനാകില്ലെന്നും അറിയിച്ചാകും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തടസ ഹര്‍ജി നല്‍കുക. മൊഴിയെടുക്കലിനും ചോദ്യം ചെയ്യലിനുമായി 53 പട്ടികയാണ് ഇ.ഡി തയാറാക്കിയിട്ടുള്ളത്. പരാതിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഈ പട്ടികയില്‍ വ്യത്യാസമുണ്ടാകും. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന പരാതി അന്വേഷിക്കുന്ന ഇ.ഡി ഉദ്യോഗസ്ഥരാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പും പരിശോധിക്കുന്നത്.