ചെറുവത്തൂര്‍ : നിക്ഷേപ തട്ടിപ്പില്‍ പ്രതി ചേര്‍ക്കപ്പെട്ട മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീന്‍ ഇന്ന് പാണക്കാടെത്തി സംസ്ഥാന നേതാക്കളെ കാണും. മുസ്ലിം ലീഗ് പ്രവര്‍ത്തകരടക്കം പോലീസില്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് ഖമറുദ്ദീനെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ എം.സി.ഖമറുദ്ദീന്‍ എം.എല്‍.എ. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരായ ഉയര്‍ന്നത്. മാത്രമല്ല പരാതി നല്‍കിയവരില്‍ ഭൂരിഭാഗവും മുസ്ലിം ലീഗ് അനുഭാവികളോ പ്രവര്‍ത്തകരോ ആണെന്നതും കേസിന്റെ പ്രത്യേകതയാണ്. ഈ സാഹചര്യത്തിലാണ് എംഎല്‍എയെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവും കേസില്‍ പ്രതിയാണ്.
10 മണിയോടു കൂടി എംസി കമറുദ്ദീന്‍ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കാണും. തന്റെ ഭാഗം വിശദീകരിച്ച ശേഷമായിരിക്കും നടപടിയുണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക. ബുധനാഴ്ച ചന്തേര പോലീസ് സ്റ്റേഷനില്‍ 14 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. നേരത്തേ രജിസ്റ്റര്‍ ചെയ്തതുള്‍പ്പെടെ ചന്തേരയില്‍ കേസുകള്‍ 26 ആയി. കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ അഞ്ച് പരാതിയും ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച രണ്ട് അന്യായവുമടക്കം കേസുകള്‍ 33 എണ്ണമായി. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനാണ്.
കഴിഞ്ഞ ദിവസം ചന്തേര ഇന്‍സ്‌പെക്ടര്‍ പി.നാരായണനും സംഘവും എം.എല്‍.എ.യുടെയും ടി.കെ.പൂക്കോയ തങ്ങളുടെയും വീടുകള്‍ റെയ്ഡ് ചെയ്തിരുന്നു. തങ്ങളുടെ വീട്ടില്‍നിന്ന് പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസ് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സതീഷ് ആലക്കല്‍ പരാതികളും പിടിച്ചെടുത്ത രേഖകളും പരിശോധിച്ചു.