ന്യൂഡല്‍ഹി : ‘ബാറ്റ്‌സ്മാന്‍ ‘ പുറത്തായി ഇനിമുതല്‍ ‘ബാറ്റര്‍ ‘ തീരുമാനവുമായി. എം.സി.സി ഇനി മുതല്‍ ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍ എന്ന പ്രയോഗമില്ല. പകരം ബാറ്റര്‍ എന്ന പൊതുപദമാണ് ഉപയോഗിക്കുക. ക്രിക്കറ്റില്‍ ലിംഗസമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ക്രിക്കറ്റ് നിയമങ്ങളുടെ അന്തിമ വാക്കായ മാര്‍ലിബണ്‍ ക്രിക്കറ്റ് ക്ലബ്ബ് ആണ് ഈ ചരിത്ര പരമായ തീരുമാനമെടുത്തത്. രാജ്യാന്തര തലത്തില്‍ വനിതാ ക്രിക്കറ്റിന് വര്‍ധിച്ചുവരുന്ന ജനപ്രീതി കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എം.സി.സി എത്തിയത്.
പുരുഷന്മാര്‍ മാത്രം ക്രിക്കറ്റ് കളിച്ചിരുന്ന കാലത്താണ് ബാറ്റ്സ്മാന്‍ എന്ന പദം ഉപയോഗിച്ചുകൊണ്ടിരുന്നത്, എന്നാല്‍ ഇന്ന് അങ്ങനെയല്ല. അതുകൊണ്ടു തന്നെ ലിംഗഭേദമില്ലാത്ത പദം തന്നെ ഉപയോഗിക്കണമെന്ന തീരുമാനത്തില്‍ എം.സി.സി എത്തുകയായിരുന്നു. ബാറ്റ്സ്മാന്‍, ബാറ്റ്സ്മെന്‍ എന്നീ വാക്കുകള്‍ക്ക് പകരം ബാറ്റര്‍, ബാറ്റേഴ്സ് എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ ക്രിക്കറ്റ് പുരുഷന്‍മാരുടെ മാത്രം കളിയല്ലെന്ന സന്ദേശം നല്‍കാനാവുമെന്നാണ് എം.സി.സിയുടെ വിലയിരുത്തല്‍. പൊതുവായി ഉപയോഗിക്കുന്ന ഫീല്‍ഡര്‍, ബൗളര്‍ എന്നീ വാക്കുകള്‍ പോലെ ബാറ്റര്‍, ബാറ്റേഴ്സ് എന്നിവ ഉപയോഗിക്കാമെന്നാണ് എം.സി.സിയുടെ വിലയിരുത്തല്‍.
തങ്ങള്‍ പുതിയ തീരുമാനത്തിലൂടെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും കൂടിയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് സമീപ ദിവസങ്ങളില്‍ സംഘടിപ്പിച്ച ‘ദ ഹണ്ട്രഡ് ‘ ടൂര്‍ണമെന്റില്‍ പരീക്ഷിച്ച് വിജയിച്ച ആശയമാണ് എം.സി.സി നടപ്പിലാക്കുന്നത്. ലിംഗസൂചനകള്‍ നല്‍കാത്ത വാക്കുകളുടെ ഉപയോഗം ക്രിക്കറ്റിനെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഗെയിം എന്ന നിലയില്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി എം.സി.സി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.