കൊല്ലം : കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെ കസേരയില്‍നിന്നു വലിച്ചു നിലത്തിട്ട് സ്റ്റൂള്‍കൊണ്ട് തലയ്ക്കടിച്ചെന്ന സംഭവത്തില്‍ കള്ളക്കഥകള്‍ ചമച്ച് സ്റ്റേഷനിലിട്ട് തല്ലിച്ചതയ്ക്കുകയും ചെയ്ത പോലീസിന്‍റെ ക്രൂരതയില്‍ തകര്‍ന്നത് പേരൂര്‍ ഇന്ദീവരത്തില്‍ സഹോദരങ്ങളുടെ ജീവിതമാണ്. നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങുകയും സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റില്‍ കായികക്ഷമതാപരീക്ഷയ്ക്ക് പങ്കെടുക്കാനാകാത്ത അവസ്ഥയിലായിരിക്കുകയാണ് സഹോദരങ്ങളായ വിഷ്ണുവിനും സഹോദരന്‍ വിഘ്‌നേഷിനും കിളികൊല്ലൂര്‍ പോലീസില്‍നിന്ന് നേരിടേണ്ടി വന്നത് വലിയ തിക്താനുഭവമാണ്.
എം.ഡി.എം.എ.യുമായി കരിക്കോട് ജങ്ഷനില്‍നിന്ന് ഓഗസ്റ്റ് 25-ന് ദമ്പതിമാരടക്കം നാലു യുവാക്കളെ കിളികൊല്ലൂര്‍ പോലീസ് പിടികൂടിയതാണ് സംഭവത്തിന് തുടക്കമിട്ടത്. പ്രതികളില്‍ നിന്ന് ലഹരി വസ്തു വാങ്ങിയുപയോഗിച്ച യുവാവ് വഴിയാണ് ദമ്പതിമാരടക്കം നാലുപേരെ പിടികൂടിയത്. ഇവരെ കാണാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളായ സൈനികനും സഹോദരനും സ്റ്റേഷനില്‍ അതിക്രമിച്ചുകടന്ന് പോലീസുകാരനെ ആക്രമിച്ചെന്നപേരിലാണ് ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തത്.
വിഘ്നേഷിന്‍റെ വാക്കുകള്‍
സംഭവദിവസം കിളികൊല്ലൂര്‍ സ്റ്റേഷനിലെ തന്‍റെ നാട്ടുകാരനായ പോലീസുകാരന്‍ കസ്റ്റഡിയിലുള്ള യുവാവിന് ജാമ്യം എടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്റ്റേഷനിലെത്തിയപ്പോഴാണ് എം.ഡി.എം.എ.യുമായി ബന്ധപ്പെട്ട കേസാണെന്നറിഞ്ഞത്. പി.എസ്.സി. പരീക്ഷയെഴുതി പോലീസ് ലിസ്റ്റില്‍ ഉണ്ടായിരുന്നതിനാല്‍ ജാമ്യം നില്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മടങ്ങി. മടങ്ങാന്‍ ഒരുങ്ങവെ തന്നെ തിരക്കി സഹോദരനായ സൈനികന്‍ വിഷ്ണു സ്റ്റേഷനിലെത്തി. ഈ സമയം സ്റ്റേഷനില്‍നിന്ന് ഇറങ്ങിവന്ന സിവില്‍ പോലീസ് ഓഫീസര്‍ വിഷ്ണുവിന്‍റെ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തടഞ്ഞു.
ബൈക്കിന്‍റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചതോടെ തര്‍ക്കമായി. പോലീസുകാരന്‍ ജ്യേഷ്ഠനെ കോളറില്‍ പിടിച്ചുവലിച്ചു കൊണ്ടുപോകുന്നത് മൊബൈലില്‍ പകര്‍ത്തിയതോടെ വിഘ്നേഷിനെയും വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസുകാരന്‍ മദ്യപിച്ച് പ്രശ്‌നം സൃഷ്ടിച്ചെന്ന് വിഷ്ണുവും വിഘ്നേഷും ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയോട് പരാതിപ്പെടാന്‍ ഒരുങ്ങവെ ബാക്കി പോലീസുകാര്‍ ഓരോരുത്തരായെത്തി പല ഭാഗത്തുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തിയതിനെത്തുടര്‍ന്ന് കിളികൊല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐ. അനീഷിനെ പാരിപ്പള്ളിയിലേക്കും സീനിയര്‍ സി.പി.ഒ.മാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വി.ആര്‍.ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കും സ്ഥലം മാറ്റി. കിളികൊല്ലൂര്‍ പോലീസിനെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബം പറഞ്ഞു.