തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതൽ മാധ്യമ വിലക്ക്. അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പിൽ കയറരുതെന്നാണ് നിർദ്ദേശം. വാർത്താ സമ്മേളനങ്ങൾക്ക് മാത്രമാണ് ഇനി മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുക. ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വാർത്തകളാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചത്. കെ സുധാകരന് പകരം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റത്തില്‍ പാര്‍ട്ടി നേതൃത്വം ഉറച്ചുനില്‍ക്കുകയാണെന്നും ആന്റോ ആന്റണി എംപിക്കാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാൽ തീരുമാനം എടുക്കേണ്ട സമയത്ത് എടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് അറിയാമെന്നായിരുന്നു ഇക്കാര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. ഇതുസംബന്ധിച്ച് തീരുമാനമുണ്ടായാല്‍ അറിയിക്കാമെന്നും കെ സി പറഞ്ഞിരുന്നു. മാധ്യമ വാർത്തകള്‍ തള്ളിക്കൊണ്ടായിരുന്നു കെ സുധാകരന്‍റെയും പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിലിരിക്കെ നേതൃമാറ്റം സംബന്ധിച്ച് നിരന്തരം വാർത്തകള്‍ വരുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇക്കാര്യത്തിൽ മുതിർന്ന നേതാക്കളെ തള്ളി യുവ നേതാക്കളും രംഗത്തെത്തിയിരുന്നു.
നേതൃമാറ്റവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ അടിക്കടി പ്രതികരിക്കുന്നത് അവസാനിപ്പിക്കണമെന്നും വരാന്‍ പോകുന്നത് അങ്കണവാടി തിരഞ്ഞെടുപ്പല്ലെന്നും യുവ നേതാക്കള്‍ കാണിക്കുന്ന പാകതയും പക്വതയും മുതിർന്ന നേതാക്കളും കാണിക്കണം എന്നുമായിരുന്നു എംഎൽഎയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിൽ പ്രതികരിച്ച്. രാഹുലിനെ പിന്തുണച്ച് ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു. ഈ തരത്തില്‍ നേതൃമാറ്റ ചര്‍ച്ച കോണ്‍ഗ്രസിന് തലവേദനയായ സാഹചര്യത്തില്‍ കൂടിയാണ് കെപിസിസി ആസ്ഥാനത്ത് പ്രവേശിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.