തിരുവനന്തപുരം : മീഡിയവണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണവിലക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി നീക്കം ആശ്വാസകരമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. രാജ്യത്ത് നീതിന്യായ വ്യവസ്ഥ അപകടത്തിലേക്ക് പോകുകയാണ്. ജാതി മത ഭേദമന്യേ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടിയാണ് മീഡിയ വണിനോട് ഉണ്ടായതെന്നും എംഎ ബേബി പറഞ്ഞു. തിരുവനന്തപുരത്ത് ഫോറം ഫോര്‍ മീഡിയ ഫ്രീഡം സംഘടിപ്പിച്ച ബഹുജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു എം.എ ബേബി.
അപ്രഖ്യാപിത അടിയന്തിരാവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നു. സീല്‍ഡ് കവര്‍ സംവിധാനം ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും മാനഭംഗപ്പെടുത്തുന്നതാണ്. രാജ്യവും നീതിന്യായ വ്യവസ്ഥയും വലിയ അപകടത്തിലേക്ക് പോകുന്നു. ഇത് പത്ര സ്വാതന്ത്രത്തിന്റെ മാത്രം പ്രശ്നമല്ല, ഇന്ത്യന്‍ ഭരണത്തിന്റെ ചരട്വലിക്കുന്നത് നാഗ്പൂരിലിരിക്കുന്ന ആര്‍എസ്‌എസാണ്. മീഡിയവണ്ണിനെതിരായ നടപടിയും അവിടെ നിന്ന് തന്നെയാണോ ഉണ്ടായതെന്ന് സംശയിക്കണം. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള നീക്കത്തിന്റെ ചുവടുവെപ്പാണിത്. ഇന്ന് മീഡിയവണിനെതിരെ ഉണ്ടായ ആക്രമണം നാളെ ആര്‍ക്കെതിരെയും ഉണ്ടാകാമെന്നും എം.എ ബേബി പറഞ്ഞു.
മീഡിയവണിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണവിലക്ക് ഇന്ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റെതാണ് ഇടക്കാല വിധി. ചാനലിന് മുന്‍പുണ്ടായിരുന്നതുപോലെ പ്രവര്‍ത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. വിലക്കേര്‍പ്പെടുത്തുന്നതിനുള്ള സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ഫയലുകള്‍ പരിശോധിച്ച ശേഷമാണ് വിലക്ക് സ്റ്റേ ചെയ്തത്.