ലക്നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു . ഹിന്ദി ന്യൂസ് ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ രത്തന്‍ സിങ്ങാണ്(42) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വാരണാസിക്ക് സമീപം ബല്ലയ ജില്ലയിലാണ് സംഭവം.
രത്തന്‍ സിങ് തന്റെ വീട്ടില്‍ നിന്ന് 700 മീറ്റര്‍ അകലെയുള്ള ഗ്രാമത്തലവന്റെ വസതിയില്‍ വച്ചാണ് കൊല്ലപ്പെടുന്നത്. വെടിവച്ചുകൊല്ലുന്നതിന് മുമ്പ് രത്തന്‍ സിങ്ങിനെ മര്‍ദ്ദിച്ചതായി പോലീസ് പറഞ്ഞു. രത്തന്റെ ബന്ധുക്കളായ മൂന്ന് ഗ്രാമീണരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ടയാള്‍ എന്തിനാണ് ഗ്രാമത്തലവന്റെ വീട്ടില്‍ പോയതെന്ന് കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വെടിയേല്‍ക്കുന്നതിനു മുമ്പ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചതായി സംശയിക്കുണ്ടെന്നും സര്‍ക്കിള്‍ ഓഫീസര്‍ (ഫെഫ്ന) ചന്ദ്രകേഷ് സിംഗ് പറഞ്ഞു, വില്ലേജ് പ്രധാന്‍ സീമ സിങ്ങിന്റെ ഭര്‍ത്താവ് ജബ്ബാര്‍ സിംഗ് ഇപ്പോള്‍ ഒളിവിലാണ്. പ്രധാന്റെ കുടുംബത്തിലെ പഴയ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നും പോലീസ് സംശയിക്കുന്നു.
ഖേത്‌ന ഗ്രാമത്തില്‍ ഒരാളെ വെടിവച്ച് കൊന്നതായും മൃതദേഹം ഗ്രാമപ്രധാന്റെ വസതിയില്‍ കിടക്കുന്നതായും പ്രാദേശിക പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒരു പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ വൈകുന്നേരം ജോലിക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയതായി അറിഞ്ഞുവെന്നും സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു.
കേസില്‍ രത്തന്‍ സിങ്ങിന്റെ ബന്ധു ദിനേശ് സിങ്ങിന്റെ പങ്ക് പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാള്‍ ന്യൂസ് ചാനലില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് കുടുംബത്തെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ബല്ലയ്യയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.