കോഴിക്കോട്: അപകടത്തില്‍പ്പെട്ട് രണ്ട് വര്‍ഷത്തിലേറെയായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് പടനിലം (44) ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. സംസ്കാരം ഇന്ന് 5 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
2018 ജൂലൈ മാസത്തിലാണ് കോഴിക്കോട് വെച്ച് ബൈക്കപകടത്തില്‍ രാജേഷിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ രാജേഷ് പിന്നീട് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാസങ്ങള്‍ നീണ്ടുനിന്ന ചികിത്സകള്‍ നടത്തിയെങ്കിലും രാജേഷിന് അബോധാവസ്ഥയില്‍ നിന്നുണരാന്‍ കഴിഞ്ഞില്ല. പിന്നീട് ആയുര്‍വേദ ചികിത്സയും പരീക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇടക്കാലത്ത് കണ്ണുതുറന്ന് നോക്കുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരുന്നെങ്കിലും അതിനപ്പുറമുള്ള ആരോഗ്യാവസ്ഥയിലേയ്ക്ക് രാജേഷ് മടങ്ങിവന്നില്ല.
രണ്ടായിരാമാണ്ട് മുതല്‍ കോഴിക്കോട് മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു രാജേഷ്. മാധ്യമ പ്രവര്‍ത്തകനായും പ്രസ് ഫോട്ടോഗ്രാഫറായും കോഴിക്കോട് നഗരത്തില്‍ നിറസാന്നിധ്യമായിരുന്നു. നവലോകം ഗ്രൂപ്പിലൂടെ മാധ്യമ പ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നുവന്ന അദ്ദേഹം കേരളാ മിഡ്‌ഡേ ടൈംസിന്റെ കോഴിക്കോട് ബ്യൂറോയിലെ സീനിയര്‍ റിപോര്‍ട്ടറായിരുന്നു.
പിന്നീട് ദി ട്രൂത്ത് ചീഫ് എഡിറ്ററായി. ഇതിനിടെ പത്രപ്രവര്‍ത്തകരുടെ സംഘടനാ പ്രവര്‍ത്തനങ്ങളിലും നഗരത്തിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായി. കേരളാ ജേര്‍ണലിസ്റ് യൂണിയന്‍ സംസ്ഥാന ഭാരവാഹിയായിരുന്നു. ‘കാഴ്‌ച’ എന്ന സാംസ്കാരിക സംഘടനയുടെ സെക്രട്ടറിയുമായിരുന്നു.
രാജേഷിന്റെ ചികിത്സയ്ക്ക് സഹായഹസ്തവുമായി കോഴിക്കോട്ടെ സംഗീതപ്രേമികള്‍ ടൗണ്‍ഹാളില്‍ ജീവരാഗം സംഗീത സായാഹ്നം എന്ന പേരില്‍ കലാസന്ധ്യ സംഘടിപ്പിച്ചിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.