തിരുവനന്തപുരം : ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തില്‍ ശനിയാഴ്ച വഞ്ചനാദിനം ആചരിക്കുന്നു.
ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞ സെപ്റ്റംബര്‍ 11ന് പുറത്തിറങ്ങിയെങ്കിലും ഇതുവരെയും ഭൂരിഭാഗം മെഡിക്കല്‍ കോളജ് അധ്യാപകര്‍ക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നല്‍കാത്ത സാഹചര്യത്തിലാണ് ഒരുവര്‍ഷം തികയുന്ന ഈ സെപ്റ്റംബര്‍ 11ന് സമരം. രോഗീപരിചരണത്തെ ബാധിക്കാതെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ‘ഇ-പ്രതിഷേധ’മാണ് കെ.ജി.എം.സി.ടി.എ പ്രഖ്യാപിച്ചിട്ടുള്ളത്.
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടതും എന്‍ട്രി കേഡറിലുള്ള യുവഡോക്ടര്‍മാരെ പ്രതികൂലമായി ബാധിക്കുന്നതുമായ അപാകതകള്‍ പരിഹരിക്കുക എന്നതാണ് പ്രധാന ആവശ്യം. എല്ലാ അധ്യാപകര്‍ക്കും എത്രയും വേഗത്തില്‍ പേ സ്ലിപ് ലഭ്യമാക്കുക, പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും കാലതാമസമില്ലാതെ വിതരണം ചെയ്യുക, വിവിധ തസ്തികകളിലുള്ള സ്ഥാനക്കയറ്റത്തിന് വേണ്ട കാലയളവുകള്‍ പുനഃക്രമീകരിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ആവശ്യങ്ങളില്‍ ന്യായമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷമായ സമരമാര്‍ഗങ്ങളിലേക്ക് നീങ്ങുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലെ അധ്യാപകരുടെ 2016ല്‍ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏറെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ നാല് വര്‍ഷം വൈകി 2020ലാണ് ലഭ്യമായത്. എന്നാല്‍ ഭൂരിഭാഗത്തിനും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നല്‍കിയിട്ടില്ല.
പരിഷ്കരണത്തില്‍ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകള്‍ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സര്‍ക്കാരിന്റെ അവഗണനപരമായ ഇത്തരം സമീപനത്തിനെതിരെയാണ് വഞ്ചനാദിനമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്. ബിനോയ്, സംസ്ഥാന സെക്രട്ടറി ഡോ. നിര്‍മല്‍ ഭാസ്കര്‍ എന്നിവര്‍ പറഞ്ഞു.