കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കാൻസർ രോഗികളെയും ആരോഗ്യ പ്രവർത്തകരെയും കൊണ്ട് അത്യാവശ്യ സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് തടഞ്ഞ് പോലീസ് തിരിച്ചയച്ചു. സ്പെഷൽ ഓർഡിനറി ബസുകൾ ഓടിക്കാൻ അനുമതിയില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. സ്റ്റാൻഡിൽ നിന്നു പുറപ്പെട്ട ബസിൽ 54 യാത്രക്കാർ ഉണ്ടായിരുന്നു. എംസി റോഡിൽ തിരുനക്കര മൈതാനത്തിനു സമീപം ബസ് തടഞ്ഞു. കണ്ടക്ടറും ഡ്രൈവറും വിവരങ്ങൾ ധരിപ്പിച്ചിട്ടും കടത്തിവിട്ടില്ല.
ബസ് തിരികെ സ്റ്റാൻഡിൽ എത്തിച്ചു. ഇന്നലെ പകൽ 12 നാണ് സംഭവം. കെഎസ്ആർടിസി സ്റ്റാൻഡിൽ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നു. രാവിലെയുള്ള സർവീസ് കഴിഞ്ഞാൽ പിന്നീട് ഒന്നരയ്ക്ക് മാത്രമേ അടുത്ത സർവീസുള്ളൂ. എന്നാൽ രോഗികളും ആരോഗ്യ പ്രവർത്തകരും ആവർത്തിച്ച് ആവശ്യപ്പെട്ടതിനാൽ സ്പെഷൽ സർവീസിന് അധികൃതർ തയാറായി. സ്പെഷൽ സർവീസ് എന്ന ബോർഡ് വെച്ചിരുന്നു. ബോർഡ് വച്ചതോടെ സ്റ്റാൻഡിലുള്ള സാധാരണ യാത്രക്കാരും കയറി.
എന്നാൽ സീറ്റിങ് കപ്പാസിറ്റി 54 പേർക്കേ ഉണ്ടായിരുന്നുള്ളു. നിർത്തിക്കൊണ്ട് യാത്ര അനുവദിച്ചില്ല. ബാക്കി ഉള്ളവരെ അടുത്ത ബസിൽ കൊണ്ടു പോകാമെന്ന് അധികൃതർ പറഞ്ഞിരുന്നു. ബസ് തിരുനക്കരയിൽ എത്തിയപ്പോൾ പോലീസ് തടഞ്ഞെന്ന് ഡിടിഒ വി.എം. അബ്ദുൽ നാസർ പറഞ്ഞു. അധികൃതർ ഉടൻ ഉന്നത പോലീസ് അധികാരികളുമായി ബന്ധപ്പെട്ടു. കെഎസ്ആർടിസി തിരുവനന്തപുരം എംഡിയുടെ ഓഫിസിലും വിവരം അറിയിച്ചു.
ഇതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള സർവീസ് തടയരുതെന്നു പോലീസിനു നിർദേശം കിട്ടി. അതിനു ശേഷം ഈ ബസിലെ യാത്രക്കാരെ ഒന്നരയ്ക്കുള്ള ബസിൽ വിട്ടു. കോവിഡ് നിയന്ത്രണം ഉള്ളതിനാൽ മെഡിക്കൽ കോളജ് വഴിയുള്ള സ്വകാര്യ ബസുകൾ ഇന്നലെ കുറവായിരുന്നു. ഇതേസമയം മറ്റു സർവീസുകൾ വെട്ടിക്കുറച്ചാലും ഇന്നു മുതൽ മെഡിക്കൽ കോളജിലേക്കുള്ള ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.