കാണ്‍പുര്‍: രാജ്യാവ്യാപകമായി കോവിഡ് -19 വാക്സിനേഷന്‍ പുരോഗമിച്ചു വരികയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ പ്രവര്‍ത്തനമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയിരുന്നു. 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നത് ഏപ്രില്‍ ഒന്നു മുതല്‍ തുടങ്ങിയിരുന്നു. അതിനിടെ ഒരു നഴ്സിന്‍റെ അശ്രദ്ധ കാരണം ഒരാള്‍ക്ക് രണ്ടു ഡോസ് വാക്സിന്‍ ഒരുമിച്ചു കുത്തിവെച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആണ് സംഭവം.
കാണ്‍പൂരിനടുത്ത് മണ്ടൗലി പ്രൈമറി ഹെല്‍ത്ത് സെന്ററിലെ നഴ്‌സാണ് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു ഒരു സ്ത്രക്ക് കോവിഡ് -19 വാക്‌സിന്‍ ഇരട്ട ഡോസ് കുത്തിവെച്ചത്. കുത്തിവെയ്പ്പ് സ്വീകരിച്ച സ്ത്രീ ബഹളം ഉണ്ടാക്കിയപ്പോഴാണ് തനിക്ക് സംഭവിച്ച അബദ്ധം നഴ്സും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതര്‍ സംഭവത്തെ കുറിച്ച് മുകളിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനിടെ വാക്സിന്‍ സ്വീകരിച്ച സ്ത്രീ നഴ്സിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. മണ്ടൌലി ഗ്രാമത്തിലെ കമലേഷ് കുമാരി എന്ന സ്ത്രീയ്ക്കാണ് ഇരട്ട ഡോസ് വാക്സിന്‍ കുത്തിവെച്ചത്.
ഹെല്‍ത്ത് സെന്‍ററിലെ അര്‍ച്ചന എന്ന ആക്സിലറി നഴ്‌സ് മിഡ്‌വൈഫ് (ANM) ആണ് കമലേഷ് കുമാരിക്കു വാക്സിന്‍റെ ആദ്യ ഡോസ് നല്‍കി. തുടര്‍ന്ന് നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അടുത്ത ഡോസ് കുത്തിവെയ്ക്കുന്നതിനായി അബദ്ധത്തില്‍ കമലേഷ് കുമാരിയെ തന്നെ വിളിക്കുകയും കുത്തിവെയ്‌പ്പെടുക്കുകയുമായിരുന്നു. തുടര്‍ച്ചയായി രണ്ടു ഡോസ് സ്വീകരിച്ചതിന് പിന്നാലെ തന്റെ കൈയില്‍ വീക്കം ഉണ്ടായതായും ശക്തമായ വേദന അനുഭവപ്പെട്ടതായും കുമാരി ആരോപിച്ചു.
രണ്ട് കുത്തിവയ്പ്പുകള്‍ നല്‍കിയത് എന്തിനാണെന്ന് കമലേഷ് കുമാരി ചോദിച്ചപ്പോള്‍, മാപ്പ് പറയുന്നതിനുപകരം അര്‍ച്ചന അവരെ ശാസിക്കുകയായിരുന്നു. ഗുരുതരമായ ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വാക്സിനേഷന്റെ ഇരട്ട അളവ് കാരണം അമ്മയുടെ കൈയില്‍ നേരിയ വീക്കം ഉണ്ടായതായി കമലേഷ് കുമാരിയുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമീപഭാവിയില്‍ ഇത്തരം അശ്രദ്ധ സംഭവങ്ങള്‍ ഒഴിവാക്കാന്‍വേണ്ടി യുവതിയുടെ ബന്ധുക്കള്‍ സംഭവത്തെക്കുറിച്ച് ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. ഇത്തരം അശ്രദ്ധയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 5,99,045 പേര്‍ കോവിഡ് -19 രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 3, 49,22,434 പേര്‍ കോവിഡ് -19 പരിശോധന നടത്തി.
അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കേസുകള്‍ ആശങ്കാജനകമായ തരത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷന്‍ ദൗത്യവും സംബന്ധിച്ച വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹെല്‍ത്ത് സെക്രട്ടറി, നീതി ആയോഗ് അംഗം വിനോദ് പോള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു എന്നാണ് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. യോഗത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.