തെലങ്കാന : ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണം ആറുമാസം ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം. കഴിഞ്ഞ വര്‍ഷം സിസേറിയന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായ സമയത്ത് വയറിനുള്ളില്‍ പഞ്ഞി മറന്നുവെച്ചതാണ് യുവതിയുടെ ജീവനെടുത്തതെന്നാണ് ആരോപണം. തെലങ്കാനയിലെ യാദാദ്രി ഭോംഗിറിലെ കെകെ ആശുപത്രിയിലാണ് സംഭവം.
കഴിഞ്ഞ വര്‍ഷം, രായിഗിരി സ്വദേശിയായ യുവതിയാണ് സിസേറിയനായി യാദാദ്രിയിലെ കെകെ ആശുപത്രിയില്‍ എത്തിയത്. അന്ന് പ്രസവശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും ശക്തമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇതിനിടെ നിരവധി ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടിയെങ്കിലും യുവതിയുടെ വയറുവേദന മാറിയിരുന്നില്ല. ഈ വര്‍ഷം ഏപ്രിലില്‍ യുവതി ഗര്‍ഭിണിയാകുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവതിയെ ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. അവിടെ നടത്തിയ പരിശോധനയ്ക്കിടെ യുവതിയുടെ വയറ്റില്‍ ഒരു പഞ്ഞിക്കെട്ട് കണ്ടെത്തി.
ആദ്യത്തെ പ്രസവ സമയത്ത് പഞ്ഞി വയറ്റില്‍ മറന്നുപോയതാകാമെന്നാണ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. വയറുവേദന രൂക്ഷമായതോടെ യുവതിയെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വയറിനുള്ളില്‍ ഉണ്ടായിരുന്ന പഞ്ഞിക്കെട്ട് കുടലില്‍ കുടുങ്ങിയതോടെയാണ് ഉണ്ടായ അണുബാധയാണ് മരണകാരണമായത്.