മല്ലപ്പള്ളി: കടുത്ത നെഞ്ചുവേദനയുമായി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച രോഗിക്ക് ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരേ കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തു. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സനീഷ്, ഡോ. റീന എലിസബത്ത് തോമസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ചികില്‍സ കിട്ടാതെ മരിച്ച ആനിക്കാട് പുളേളാലിക്കല്‍ ജോണി(46)ന്റെ ഭാര്യ സജിത നല്‍കിയ പരാതിയില്‍ ആണ് കോടതി നിര്‍ദ്ദേശ പ്രകാരം കീഴ്‌വായ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്
കഴിഞ്ഞ മെയ് 21 ന് കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയില്‍ എത്തിച്ച ജോണിനെ കൃത്യസമയത്ത് പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് പരാതി. അത്യാസന്ന നിലയിലായ രോഗിയെ നോക്കുന്നതിന് പകരം ഡോക്ടര്‍മാര്‍ തമ്മില്‍ സംസാരിച്ച് സമയം കളഞ്ഞുവെന്നും ഭര്‍ത്താവ് ചികില്‍സ കിട്ടാതെ മരിക്കാന്‍ ഇത് ഇടയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് സജിത കോടതിയെ സമീപിച്ചത്.
ജോണിനൊപ്പം വന്ന ബന്ധുക്കള്‍ അസഭ്യം വിളിച്ചുവെന്നും ഇതു കാരണം തങ്ങളുടെ ഡ്യൂട്ടി തടസപ്പെട്ടുവെന്നും കാട്ടി ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയില്‍ കീഴ്‌വായ്പൂര്‍ പോലീസും കേസെടുത്തിരുന്നു. ഒന്നാം നിലയില്‍ നിന്ന വനിതാ ഡോക്ടറെ താഴത്തെ നിലയില്‍ നിന്ന ബന്ധുക്കള്‍ ചീത്ത വിളിച്ചുവെന്നാണ് പരാതി.
ഇതു കാരണം മനോവിഷമം ഉണ്ടാവുകയും ഡ്യൂട്ടി ചെയ്യാന്‍ കഴിയാതെ വരികയും ചെയ്തുവെന്ന പരാതിയിലുണ്ട്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന വകുപ്പിട്ട് എടുത്ത ഈ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.