പത്തനംതിട്ട : കോവിഡ് 19 വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള എല്ലാ നിര്‍ദേശങ്ങളും മരുന്നു വ്യാപാരികള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ആര്‍. രാജീവ് അറിയിച്ചു. സ്ഥാപനത്തിലെ ജീവനക്കാര്‍ മാസ്‌ക്, കൈയ്യുറ എന്നിവ ധരിച്ചു മാത്രം ജോലിചെയ്യുക. ഉപയോഗിച്ച മാസ്‌കുകളും കൈയുറകളും വീണ്ടും ഉപയോഗിക്കരുത്. ഇവ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യുക(ബ്ലീച്ചിംഗ് പൗഡര്‍ അടങ്ങിയ ലായനികളില്‍ മുക്കി അണുവിമുക്തമാക്കിയ ശേഷം).
ജീവനക്കാര്‍ തമ്മിലും മരുന്നുകള്‍ വാങ്ങാന്‍ വരുന്നവര്‍ തമ്മിലും ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. ഇതിനാവശ്യമായ അടയാളങ്ങള്‍ സ്ഥാപനത്തിനു മുന്‍പില്‍ രേഖപ്പെടുത്തണം. ക്യു സംവിധാനം ഏര്‍പ്പെടുത്തണം. ഒരു സമയം ഒരു രോഗിക്കു മാത്രം മരുന്നുനല്‍കുക. കൗണ്ടറില്‍ ഉപഭോക്താക്കളെ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കരുത്. പ്രിസ്‌ക്രിപ്ഷന്‍, കറന്‍സി എന്നിവ കൈമാറ്റം ചെയ്യുന്നതിന് ക്ലിപ്പ് ബോര്‍ഡ് ഉപയോഗിക്കണം.
ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് ഷെഡ്യൂള്‍ എച്ച് 1 വിഭാഗത്തില്‍ പെട്ടതായതിനാല്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. ഹൈഡ്രോക്സിക്ലോറോക്വിന്റെ പ്രിസ്‌ക്രിപ്ഷന്‍ കൂടാതെയുള്ള ഉപയോഗം ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ രോഗികളില്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ കുറിപ്പടിയോടു കൂടി മാത്രമേ മരുന്നു നല്‍കാന്‍ പാടുള്ളു. എല്ലാ വിവരങ്ങളും രേഖപ്പെടുത്തി ബില്ല് രോഗിക്ക് നല്‍കണം.
കൗണ്ടറുകള്‍ കൃത്യമായ ഇടവേളകളില്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. എല്ലാ സ്ഥാപനങ്ങളിലും കൈ കഴുകുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതോടൊപ്പം ഉപഭോക്താക്കളുടെ ഉപയോഗത്തിന് കൗണ്ടറില്‍ സാനിറ്റൈസര്‍ സൂക്ഷിക്കണം. മരുന്നുകളുടെ മതിയായ സ്റ്റോക്ക് ഉറപ്പുവരുത്തണം. കഫ് സിറപ്പുകളുടെയും സൈക്കോട്രോപ്പിക് ചേരുവകള്‍ അടങ്ങിയ മരുന്നുകളുടെയും വില്‍പ്പന പ്രിസ്‌ക്രിപ്ഷന്റെ അടിസ്ഥാനത്തില്‍ മാത്രം നടത്തുകയും രേഖകള്‍ സൂക്ഷിക്കുകയും ചെയ്യണം. സ്ഥാപനത്തിനു സമീപം റോഡില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കഴിയുന്ന സഹായം നല്‍കണം.