തിരുവനന്തപുരം : യുക്രെയ്നിൽ പഠിച്ചിരുന്ന മെഡിക്കൽ വിദ്യാർഥികളുടെ തുടർ പഠനം ചോദ്യചിഹ്നമാകുന്നു. കുട്ടികളുടെ ഭാവിയെ പറ്റി ആശങ്കയിലാണ് മാതാപിതാക്കളും കുട്ടികളും. ഇവർക്ക് മറ്റ് രാജ്യങ്ങളിൽ മെഡിക്കൽ പഠനത്തിന് ദേശീയ മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയിട്ടില്ല. അതുകൊണ്ട് ഇന്ത്യയിലെന്തായാലും തുടർ പഠനം നടക്കില്ല. യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളായ മെഡിക്കൽ വിദ്യാർഥികൾക്ക് റഷ്യയിൽ തുടർ പഠനത്തിന് സാഹചര്യമൊരുക്കാനുള്ള ശ്രമം നടത്തുമെന്ന് റഷ്യൻ കൾച്ചറൽ സെന്‍റർ അറിയിച്ചിരുന്നെങ്കിലും യുക്രെയ്ൻ ടി സി നൽകുന്നില്ല.
യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അത്രയും റിസ്കെടുത്ത് അവിടേക്ക് പോകാനാകില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ക്ലിനിക്കൽ പരിശീലനം അടക്കം വേണ്ടതിനാൽ ഓൺലൈൻ പഠനം സാധ്യമാകില്ലെന്നും ഇവർ പറയുന്നു. സെപ്റ്റംബറിൽ അടുത്ത അധ്യയന വഡഷം തുടങ്ങുമ്പോൾ ഫീസ് അടക്കേണ്ടി വരും. തിരികെ പഠനത്തിനായി പോകാനാകുമോ എന്നതിൽ വ്യക്തത വരുത്താതെ ലക്ഷങ്ങൾ എങ്ങനെ ഫീസ് നൽകുമെന്നാണ് മറ്റൊരു ആശങ്ക. അഞ്ച് മാസമായി പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് ഇനി എന്തു ചെയ്യുമെന്നതിൽ വ്യക്തതയുമില്ല. കേരളത്തിൽ നിന്നുള്ള 3687 വിദ്യാർത്ഥികളുടെ പഠനം ആണ് ഇങ്ങനെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.ഇവരുടെ കാര്യങ്ങൾക്കായി സംസ്ഥാന ബജറ്റിൽ 10 കോടി അനുവദിച്ചെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയാണ്.