തലപ്പാടി : കേരളത്തിൽ നിന്നുള്ള രോഗികളെ കൊണ്ടുവരുന്ന ആംബുലൻസ് കർണാടക പോലീസ് തടഞ്ഞ് തിരിച്ചയയ്ക്കുന്ന തലപ്പാടിയിൽ ഇപ്പോൾ നടക്കുന്നത് രോഗികളുടെയും മരുന്നുകളുടെയും കൈമാറ്റം.
മംഗളൂരു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന രോഗികളെ അവിടത്തെ ആംബുലൻസിൽ കർണാടക അതിർത്തിവരെ എത്തിക്കും. ഇപ്പുറത്ത് കേരള അതിർത്തിയിൽ മറ്റൊരു ആംബുലൻസ് കാത്തുനിൽക്കും. മംഗളൂരുവിൽനിന്ന് പുറപ്പെടുന്നതിനു മുമ്പുതന്നെ ഏർപ്പാടുചെയ്തത്. അതിലേക്ക് നടന്നുകയറും. അതിനിടയിൽ കർണാടക പോലീസിന്റെ ഭീഷണിയും ചോദ്യം ചെയ്യലും.
മംഗളൂരുവിൽനിന്ന് അത്യാവശ്യം വേണ്ട മരുന്നുകൾ എത്തിക്കുന്നതും കൈമാറ്റത്തിലൂടെയാണ്. അവിടന്ന് ഒരാൾ കൊണ്ടുവരും. കേരള അതിർത്തിയിൽ മറ്റൊരാൾ കാത്തുനിൽക്കും. പോലീസ് ചോദ്യം ചെയ്യലിനുശേഷം കൈമാറും. ഇരുകൂട്ടരും നിമിഷങ്ങൾക്കകം സ്ഥലം കാലിയാക്കും. ഇത്തരം നിരവധിപേരെ തലപ്പാടിയിൽ കാണാം.