പത്തനംതിട്ട : തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍(ആര്‍.സി.സി) ചികിത്സിച്ചിരുന്ന രോഗികള്‍ക്ക് വീടുകളില്‍ മരുന്ന് എത്തിച്ചു നല്‍കുന്നതിന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ സംവിധാനം ഒരുക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍(പി.എച്ച്.സി) നിന്ന് ലഭിക്കുന്ന രോഗികളുടെ വിവരങ്ങളും കുറിപ്പടിയും ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫിസില്‍ കൈമാറും. ജില്ലാ ഫയര്‍ഫോഴ്‌സ് ഇ മെയില്‍ വഴി തങ്ങളുടെ തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അറിയിക്കുകയും അവിടെയുള്ള ടീം ആര്‍.സി.സിയുമായി ബന്ധപ്പെട്ട് മരുന്നുകള്‍ പത്തനംതിട്ട ജില്ലാ ഫയര്‍ ഫോഴ്‌സ് ഓഫീസിലെത്തിക്കും. തുടര്‍ന്ന് ജില്ലയിലെ ആറു ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ പരിധിയില്‍ എവിടെയാണോ എത്തിക്കേണ്ടത് അവിടെയുള്ള രോഗിയുടെ വീട്ടിലെത്തിക്കുകയുമാണു ചെയ്യുക. കാരുണ്യ പോലെയുള്ള പദ്ധതിയിലുള്ളവര്‍ക്ക് സൗജന്യമായും പണം മുടക്കി മരുന്ന് വാങ്ങേണ്ടവര്‍ക്ക് പണം അടയ്ക്കുന്ന മുറയ്ക്കും മരുന്നുകള്‍ എത്തിക്കും.
നിലവില്‍ ആര്‍.സി.സിയില്‍ ചികിത്സയില്‍ തേടുന്ന 66 പേരാണ് സേവനങ്ങള്‍ക്കായി സമീപിച്ചിരിക്കുന്നത്. ഇവര്‍ക്ക് നാളെ (ഏപ്രില്‍ 8 ) മുതല്‍ മരുന്നെത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ആലോചനായോഗം ചേര്‍ന്നു. യോഗത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡി.പി.എം ഡോ.എബി സുഷന്‍, ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫിസര്‍ ചുമതലയുള്ള പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.