തെങ്ങമം : തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് കെട്ടുകാഴ്ചയോടെ സമാപനമായി. 40 ലക്ഷം രൂപ നിർമ്മാണ ചെലവിൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടുകുതിരയെന്ന് നെഹ്‌റു കലാ സാംസ്‌കാരിക വേദി അമ്പലത്തും ഭാഗം തോട്ടുവ അവകാശപ്പെട്ട നെടുംകുതിരയായിരുന്നു. തെങ്ങമം കിഴക്ക്, പൗർണമി ജംഗ്‌ഷൻ, തെങ്ങമം നടുവിലെ മുറി, പാപ്പാടിക്കുന്നു കൊല്ലായിയ്ക്കൽ, തെങ്ങമം പടിഞ്ഞാറ്, പൂന്തോട്ടം ഭാഗം, പൂമൂട്, കൈതയ്ക്കൽ,ചെറുകുന്നം, മാമ്മൂട്, തോട്ടുവ പടിഞ്ഞാറ്, നെഹ്‌റു തോട്ടുവ, തോട്ടുവ കിഴക്ക്, മൂന്നാറ്റ് കര, തോട്ടുവ തൻ കര തുടങ്ങി 15 ഇടങ്ങളിൽ നിന്നാണ് കെട്ടുകാഴ്ചകൾ എത്തിയത്.
ഉത്സവ ദിനമായ ഇന്നലെ ക്ഷേത്രത്തിൽ രാവിലെ പതിവ് പൂജകൾക്ക് പുറമെ ദേവീഭാഗവത പാരായണം, ശ്രീഭൂതബലി, നേർച്ച അന എഴുന്നെള്ളത്ത്, ആറാട്ടുബലി, ആറാട്ട് എഴുന്നെള്ളത്ത്, ആറാട്ട് തിരിച്ചു വരവ്, അൻപൊലിയും ആറാട്ട് വരവേൽപ്പും, കൊടിയിറക്ക്, ദീപാരാധന, ദീപക്കാഴ്ച, വലിയ കാണിക്ക എന്നി ചടങ്ങുകൾ നടന്നു. തുടർന്ന് ഗാനമേളയും ക്ഷേത്രത്തിൽ നടന്നു. രാത്രി 1 മണിയോട് കൂടി കളമെഴുത്തും ഗുരുതിയും നടന്നു.