കോട്ടയം: മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ പ്രദേശത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായത് 52 വലിയ ഉരുള്‍പൊട്ടലുകള്‍. തലനാട്, തീക്കോയി, മൂന്നിലവ്, പൂഞ്ഞാർ തെക്കക്കര, മേലുകാവ് പഞ്ചായത്തുകളാണ് പ്രശ്നം അനുഭവിക്കുന്നത്. മേലുകാവില്‍ പക്ഷേ, കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ വലിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടില്ല. ഏതാനും വര്‍ഷങ്ങളായി കാര്യമായ ഭൂപ്രശ്നങ്ങള്‍ ഉണ്ടാകാതിരുന്ന മൂന്നിലവില്‍ ഇത്തവണ അഞ്ചിടത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
3-4 മീറ്ററാണ് ദുര്‍ബലമേഖലകളിലെ മണ്ണിന്റെ കനമായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനത്തില്‍ കണ്ടത്. ഇവിടേക്ക് അതിതീവ്രമഴ കൂടി ലഭിക്കുമ്പോള്‍ അപകടസാധ്യത കൂടും. പ്രദേശങ്ങളില്‍ മുമ്പ് ഖനനവും സജീവമായിരുന്നു. 12 ക്വാറികള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരെണ്ണമേ പ്രവര്‍ത്തിക്കുന്നുള്ളൂവെങ്കിലും പഴയ ഖനനത്തിന്‍റെ പ്രശ്നങ്ങള്‍ ഇപ്പോഴുമുണ്ട്.
കഴിഞ്ഞ ദിവസത്തെ കട്ടൂപ്പാറ ഭാഗത്തെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മണ്ണും ചെളിയുമെല്ലാം ചാത്തൻപുഴ തോട്ടിൽ പതിച്ചു. ഒറ്റയീട്ടി താഴത്തു കട്ടൂപ്പാറ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം മുടങ്ങി. മാർമല അരുവിയുടെ റോഡിൽ ആൾതാമസമില്ലത്ത ഭാഗത്താണ് ഉരുൾ പൊട്ടിയത്. സ്‌റ്റേറ്റിലെ റബ്ബർ, കൈത കൃഷികൾ വ്യാപകമായി നശിച്ചു. 2018-ലെ പ്രളയകാലത്ത് ഭാഗികമായി തകർന്ന കലുങ്കിനോട് ചേർന്നുള്ള ഭാഗമാണ് കൂടുതൽ തകർന്നത്. റോഡിന്‍റെ പകുതിയോളം തകർന്ന അവസ്ഥയിലാണ്.