കോന്നി : പയ്യനാമൺ ചെങ്കുളം പാറമടക്ക് എതിരെ നാട്ടുകാർ ഉന്നയിച്ച പരാതികൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി നടപടി സ്വീകരിക്കുവാൻ കോന്നിയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ പത്തനംതിട്ട ജില്ലാ കളക്റ്റർ എസ് പ്രേംകൃഷ്ണൻ ഐ എ എസ്, ഡെപ്യൂട്ടി കളക്ടർ ജ്യോതി ലക്ഷ്മി, അടൂർ ആർ ഡി ഒ വിപിൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ആണ് തീരുമാനം. നാട്ടുകാരുടെ എല്ലാ പരാതികളും ലഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക അനുമതി ഇല്ലാതെയാണ് പാറമട പ്രവർത്തിക്കുന്നത് എന്നത് ശരിയാണ്. എന്നാൽ ഇവർ കോടതിയിൽ നിന്ന് വാങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. പാറമട ഉടമ പഞ്ചായത്ത് റോഡ് കെട്ടി അടച്ച വിഷയത്തിൽ അടിയന്തിര തീരുമാനം എടുക്കും പോലീസ് സഹായത്തോടെ ഗേറ്റ് പൊളിച്ചുമാറ്റി റോഡ് പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കും.
മലിന ജലം ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്നത് സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തും. ഉരുൾ പൊട്ടൽ സാധ്യത പരിശോധക്കും. ലേബർ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് സുരക്ഷയില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്വാറി ഉടമക്ക് എതിരെ കേസ് എടുക്കുവാൻ നടപടി സ്വീകരിക്കും. റവന്യു ഭൂമി കയ്യേറിയിട്ടുണ്ട് എന്നതും അന്വേഷിക്കും. ഡ്രോൺ സർവേ നടത്തുന്നതിനുള്ള നടപടികളും സ്വീകരിക്കു മെന്നും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ ഐ എ എസ് എന്നിവർ യോഗ തീരുമാനമായി അറിയിച്ചു.