തൃശ്ശൂര്‍: ചാലക്കുടിയുടെ ശബ്ദമായിട്ടുണര്‍ന്ന് മനുഷ്യ മനസ്സുകളില്‍ ഇരിപ്പടം നേടിയ കലാഭവന്‍ മണിയുടെ
നാലാം ചരമ വാര്‍ഷികം ഇന്ന്. 1971 ലെ പുതുവര്‍ഷത്തിന് കുന്നിശ്ശേരി വീട്ടില്‍ രാമന്റെയും അമ്മിണിയുടെയും ഏഴുമക്കളില്‍ ആറാമത്തെ പുത്രനായി ജന്മം കൊണ്ട മലയാളത്തിന്റെ സ്വന്തം കലാഭവന്‍മണി . പഠനത്തില്‍ പിന്നിലായിരുന്ന മണി പത്താം ക്ലാസില്‍ പഠനം നിര്‍ത്തി. തുടര്‍ന്ന് കൂലിപ്പണിക്കാരനായി രുന്ന അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം മുന്നോട്ടു പോകില്ലെന്നു മനസ്സിലാക്കി തെങ്ങുകയറ്റക്കാരനായും മണല്‍വാരല്‍ തൊഴിലാളിയായും ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി.
ഇടയ്ക്ക് പൊതുപ്രവര്‍ത്തകന്റെ വേഷവും ജീവിതത്തില്‍ അണിഞ്ഞു. കുറച്ചു നാളുകള്‍ക്കു ശേഷം ചാലക്കുടിയുടെ ചങ്ങാതി ഒട്ടോറിക്ഷാ ഡ്രൈവറായി. ആ കാലഘട്ടത്തില്‍ കലാഭവനില്‍ ചേരുകയും ജയറാം, ദിലീപ്, നാദിര്‍ഷാ, സലിം കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം കോമഡി വേദികളില്‍ എത്തുകയും ചെയ്തു. ഇന്ത്യയ്ക്കകത്തും പുറത്തും ഒരുപാട് വേദികളില്‍ കോമഡി പരിപാടികള്‍ അവതരിപ്പിച്ച മണി 1995ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലെത്തിയത്.
96ല്‍ പുറത്തിറങ്ങിയ സല്ലാപം എന്ന സിനിമ മണിയുടെ ജാതകം തിരുത്തിക്കുറിച്ചു, തുടര്‍ന്ന് നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അമ്പതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച് രണ്ടു പതിറ്റാണ്ടു കൊണ്ട് മലയാള ചലചിത്രശാഖയില്‍ കലാഭവന്‍മണി മണിപ്രവാളം തീര്‍ത്തു .
വാസന്തിയിലെ രാമു, ഛോട്ടാ മുംബൈ-ലെ നടേശന്‍, ചിന്താമണിക്കൊലക്കേസിലെ ഗുണശേഖരന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും മലയാളിയുടെ മനസ്സില്‍ മായാതെ കിടക്കുന്ന ചിത്രങ്ങളില്‍ ചിലതു മാത്രം. സ്വതസിദ്ധമായ അഭിനയത്തിന് ചെറുതും-വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ കലാഭവന്‍ മണിയെ തേടിയെത്തി. വെള്ളിത്തിരയില്‍ കത്തിനില്‍ക്കുന്ന കാലഘട്ടം 99-ല്‍ മണിയുടെ ജീവിതത്തിലെ നായികയായി നിമ്മി കടന്നുവന്നു. ഏറെ താമസിയാതെ ആ ദാമ്പത്യവല്ലരിയില്‍ ഒരു പെണ്‍കുഞ്ഞു പിറന്നു .
എന്തിരന്‍, വേല്‍,ആര്, സംത്തിംഗ് സംത്തിംഗ്, ഉനക്കും എനക്കും, മഴൈ, അന്നിയന്‍, ബോസ്, പുതിയ ഗീതൈ, ജെമിനി, ബന്ദാ പരമശിവം, സിങ്കാര, ചെന്നൈ, കുത്ത്, പാപനാശം, ആണ്ടവന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ്മക്കളുടെ ഇഷ്ടപാത്രമായി. വെള്ളിത്തിരയിലെ കൂട്ടുകെട്ടും തന്റെ ഉയര്‍ച്ചയുമെല്ലാം മണിയെ ആഘോഷങ്ങളുടെയും അമിത മദ്യപാനത്തിന്റെയും കൂട്ടുകാരനാക്കി. അത് മണിയെ കൊണ്ടു ചെന്നെത്തിച്ചത് കരള്‍ രോഗിയുടേയും വൃക്കരോഗിയുടേയും കണക്കു പുസ്തകത്തിലായിരുന്നു.രോഗങ്ങളുടെ കരാളഹസ്തങ്ങള്‍ പിടിമുറുക്കുമ്പോഴും സിനിമയും നാടന്‍ പാട്ടുമായി മലയാളിയുടെ മനസ്സില്‍ പൂരത്തിന്റെ മേളക്കൊഴുപ്പ് തീര്‍ത്തു.
2016 ല്‍ 45-ാം പിറന്നാളുമായി കടന്നുവന്ന പുതുവത്സരം, നൂറുനാള്‍ തികയ്ക്കാന്‍ പോലും അനുവദിക്കാതെ മരണം മാര്‍ച്ച് ആറിന് കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് മണ്ണിന്റെ മണമുള്ള മലയാളത്തിന്റെ സ്വന്തം താരത്തിനെ അന്തരീക്ഷത്തിലെ മിന്നാമിനുങ്ങിന് കൂട്ടായി താരാഗണത്തിലേയ്ക്കു കൂട്ടികൊണ്ടു പോയി. പിന്നീട് കേരളം കണ്ടത് വിവാദങ്ങളൊഴിയാത്ത ദിനരാത്രങ്ങളായിരുന്നു.അത് ഇന്നും വിങ്ങലായി വീട്ടുകാര്‍ക്കും,കൂട്ടുകാര്‍ക്കും , മണിയെ ഏറെ സ്‌നേഹിച്ചിരുന്ന മലയാളികളുടെ മനസ്സിലും ഉണങ്ങാത്ത മുറിവായ് നിലകൊള്ളുന്നു.