കോന്നി : മാനസിക രോഗിയായ അമ്മയുടെ കൂടെ കഴിഞ്ഞിരുന്ന മക്കളെ കോന്നി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കോന്നി എലിയറയ്ക്കൽ ഇടത്തോട്ടിൽ വീട്ടിൽ നബീസത്ത്(54), മകൾ ജാസ്മിൻ (30) എന്നിവരാണ് മാനസിക രോഗത്തിന്റെ ബുദ്ധിമുട്ടില്‍ കഴിഞ്ഞത്.
ജാസ്മിന് മൂന്ന് വയസുള്ള മകനും പത്ത് മാസം പ്രായമായ പെൺകുഞ്ഞുമുണ്ട്. മൂന്ന് വയസുള്ള മകന്റെ ശരീരത്ത് പാടുകളുമുണ്ട്. ഇത് അന്വേഷിച്ചപ്പോൾ മാമി ഉപദ്രവിച്ചു എന്നായിരുന്നു കുട്ടി പോലീസിനോട് പറഞ്ഞത്. അയൽവാസികളോടും അംഗൻവാടി പ്രവർത്തകരോടും അന്വേഷിച്ചതിൽ ഇവർ കുട്ടിയെ ഉപദ്രവിച്ചതായും ബോധ്യമായി. കുട്ടികൾ സുരക്ഷിതരല്ലെന്ന് മനസിലാക്കി കോന്നി ജനമൈത്രി പോലീസ് വിവരമറിയച്ചിതിനെ തുടർന്ന് പത്തനംതിട്ട ജില്ലാ ശിശുക്ഷേമ വകുപ്പ് അധികൃതർ എത്തി കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു. രോഗികളായ നബീസത്തിനേയും ജാസ്മിനേയും വാർഡ് മെമ്പറുടെയും അയൽവാസികളുടേയും സഹകരണത്തോടെ ജനമൈത്രി പോലീസ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രജനി, ഗ്രാമപഞ്ചായത്തംഗം ലീലാമണി , അനി സാബു, കോന്നി പോലീസ് സർക്കിൾ ഇൻസ്പക്ടർ എസ് അഷാദ്, ബീറ്റ് ഓഫീസർമാരായ സുബീക്ക് റഹീം, ജയശ്രീ, പോലീസ് ഉദ്യോഗസ്ഥരായ രഞ്ജു, പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.