കണ്ണൂര്‍: ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂര്‍ പടിയൂരില്‍ വ്യാപക അക്രമം നടത്തിയ പ്രതി മാനസിക വിഭ്രാന്തിയുള്ള യുവാവാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വീണ്ടും അക്രമം നടന്നതിനെ തുടര്‍ന്നാണ് യുവാവ് പിടിയിലായത്.
പടിയൂര്‍ പുത്തന്‍പറമ്പ് ജുമാ മസ്ജിദിന്റെ ജനല്‍ ഗ്ലാസും നോട്ടീസ് ബോര്‍ഡിന്റെ ഗ്ലാസും എറിഞ്ഞു തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പടിയൂര്‍ വട്ടപ്പാറ ലക്ഷം വീട് കോളനിയിലെ അനസിനെ നാട്ടുകാര്‍ പിടികൂടി ഇരിക്കൂര്‍ പോലീസിലേല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു അക്രമം. നാട്ടുകാരുടെ മുന്നില്‍ വെച്ച് ഇയാള്‍ പള്ളിക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്ന് പറയുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ പോലീസ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ പടിയൂരില്‍ 9 ചെങ്കല്‍ ലോറികളും, എടിഎം, അക്ഷയ കേന്ദ്രം, സിപിഎം നിയന്ത്രണത്തിലുള്ള വായനശാല എന്നിവയും തകര്‍ത്തിരുന്നു. ഇതില്‍ ഗ്രാമീണ ബാങ്കിന്റെ എടിഎം കൗണ്ടര്‍ ആക്രമിച്ചതിന് മാനേജരുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും മറ്റുള്ളവരാരും പരാതി നല്‍കിയിട്ടില്ല. ഈ അക്രമങ്ങള്‍ക്ക് പിന്നിലും ഇയാളാണെന്നാണ് പോലീസ് നിഗമനം. ഗ്രാമീണ ബാങ്കിന്റെ എടിഎം കൗണ്ടറിലെ സിസിടിവി പോലീസ് പരിശോധിച്ചെങ്കിലും ദൃശ്യം വ്യക്തതയില്ലാത്തതിനാല്‍ അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.