ദില്ലി: തെരുവുനായ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം വൈകും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, സംസ്ഥാനബാലാവകാശ കമ്മീഷന്‍ എന്നിവരുടെ ഹര്‍ജികള്‍ അടുത്ത മാസം പതിനാറിലേക്ക് മാറ്റി. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്നും തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നും കണ്ണൂര്‍ജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മൃഗസ്‌നേഹികളുടെ സംഘടനകള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് എല്ലാ കക്ഷികള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ ഹര്‍ജികള്‍ നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ച്ചയ്ക്കം എല്ലാ കക്ഷികളും ഹര്‍ജിയില്‍ മേലുള്ള അവരുടെ വാദങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണം.
അടുത്ത മാസം പതിനാറിന് ഹര്‍ജികളില്‍ വിശദവാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഹര്‍ജി പരിഗണിക്കാന്‍ എടുത്തപ്പോള്‍ മൃഗസ്‌നേഹികളുടെയും വ്യക്തികളുടെയും അടക്കം അഭിഭാഷകരുടെ വലിയ നിരയാണ് കോടതിയില്‍ കണ്ടത്. കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുകയാണെന്നത് അടക്കം ആരോപണങ്ങള്‍ സംഘടനകളുടെ അഭിഭാഷകര്‍ ഉന്നയിച്ചു.