ചേർത്തല: മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.എസ്.ജ്യോതിസിന്റെ ജീവന് ഭീഷണി ഉയർത്തുന്ന തരത്തിലുള്ള ശബ്ദസന്ദേശം പ്രചരിക്കുന്നതിന് എതിരെ എൻഡിഎ പരാതി നൽകി. ആര് ആരോട് സംസാരിക്കുന്നുവെന്ന് വ്യക്തമായ സൂചനയില്ലാത്ത സന്ദേശം വാട്സാപ്പിലാണ് പ്രചരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷമാണ് സിപിഎം മരുത്തോർവട്ടം ലോക്കൽ കമ്മിറ്റി അംഗവും തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.എസ്.ജ്യോതിസ് ബിഡിജെഎസ് സ്വതന്ത്ര സ്ഥാനാർഥിയായി എൻഡിഎയിൽ എത്തിയത്.
‘‘ജ്യോതിസല്ല ആരു പോയാലും പാർട്ടിക്ക് ഒന്നും പറ്റില്ല. കോൺഗ്രസുകാർ ബിജെപിയിലേക്ക് ചാടുന്നു. അവരെ വിശ്വസിക്കാൻ കൊള്ളില്ല. അവർ എപ്പോൾ വേണമെങ്കിലും ബിജെപി ആകാം എന്നാണ് നമ്മൾ പ്രചരിപ്പിക്കുന്നത്. അവർക്ക് തിരിച്ചു പ്രചരിപ്പിക്കാനുള്ള ഒരു സാധനമാണ് ഈ കൊടുത്തത്. അതാണ് ഞാൻ പറഞ്ഞത് അയാളെ കൊല്ലാൻ പറ്റുമോ എന്ന്. ഞാൻ ചോദിച്ചത് അതാണ്…’ ഇത്രയുമാണ് പുറത്തായ ശബ്ദ സന്ദേശത്തിലുള്ളത്. സംഭവത്തിൽ എൻഡിഎ ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ അഭിലാഷ് മാപ്പറമ്പിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
സ്ഥാനാർഥിയെ അപായപ്പെടുത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനയാണെന്നും ജ്യോതിസിന് സംരക്ഷണം നൽകണമെന്നും പരാതിയിൽ ആവശ്യമുണ്ട്. സ്ഥാനാർഥിയെ അപായപ്പെടുത്താൻ ശ്രമം നടക്കുന്നതായി ആരോപിച്ച് എൻഡിഎ ചേർത്തലയിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. സമ്മേളനവും ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.