കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് പ്രത്യേക അന്വേഷണസംഘം. സംഭവവുമായി ബന്ധപ്പെട്ട വിശദമായ രേഖകളും വിവരങ്ങളും കായിക വകുപ്പിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. കായിക വകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. അന്വേഷണസംഘം രൂപീകരിച്ച് മൂന്ന് ദിവസം പിന്നിടുന്നതിനിടെയാണ് പ്രാഥമിക നടപടികൾ ആരംഭിച്ചത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി സംഘത്തെ വിപുലീകരിക്കാനും തീരുമാനമുണ്ട്.
ആദ്യഘട്ടത്തിൽ റിപ്പോർട്ട് തയ്യാറാക്കിയ കായിക വകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിന്റെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. തുടർന്ന് കായിക വകുപ്പിൽ നിന്ന് ബന്ധപ്പെട്ട ഫയലുകൾ, യോഗങ്ങളുടെ മിനിറ്റ്സ്, മറ്റ് രേഖകൾ എന്നിവ ശേഖരിക്കാനാണ് നീക്കം. മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് വിവിധ തീരുമാനങ്ങൾ എടുത്ത യോഗങ്ങളുടെ മിനിറ്റ്സ് ഉൾപ്പെടെയുള്ള ചില രേഖകൾ ലഭ്യമല്ലെന്ന് കായിക വകുപ്പ് സെക്രട്ടറിയുടെ രണ്ടാമത്തെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇവ കണ്ടെത്തി പരിശോധിക്കുകയാണ് അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങളിലൊന്ന്. ഒരു സ്വകാര്യ പരിപാടിക്കായി സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥരും ഇടപെട്ടുവെന്നതടക്കമുള്ള ആരോപണങ്ങളും റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുണ്ട്. വിദേശത്തേക്ക് പണം കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികളിലും സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ ഉണ്ടായെന്ന ആരോപണവും റിപ്പോർട്ടിലുണ്ട്.
മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ, മുൻ ചീഫ് സെക്രട്ടറി, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് തുടങ്ങിയവരുടെ ഭാഗത്തുണ്ടായ വീഴ്ചകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടെന്നാണ് വിവരം. അതേസമയം, റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷണത്തിലൂടെ പരിശോധിച്ച് വസ്തുതകൾ കണ്ടെത്തേണ്ടതുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയരായ മറ്റ് വ്യക്തികളുടെയും മൊഴിയെടുക്കാൻ സാധ്യതയുണ്ട്. ബന്ധപ്പെട്ട രേഖകളും മൊഴികളും പരിശോധിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ പൊലീസ് അന്വേഷണം ആരംഭിക്കുക.
































