കൊച്ചി : മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്ഘാടനം നവംബര്‍ 1ന് ഗതാഗതമന്ത്രി നിര്‍വഹിക്കും. യാത്രക്കാരുടെ സൗകര്യങ്ങൾക്കനുസരിച്ച് ഇഷ്ടാനുസരണം യാത്രാ ഉപാധി ഒരുക്കുന്ന മെട്രോപ്പൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നവംബർ ഒന്നിന് ജില്ലയിൽ പ്രവർത്തനം തുടങ്ങും. അതോറിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം നവംബർ ഒന്നി ന് 2.30 ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും. ആദ്യഘട്ടത്തിൽ കൊച്ചി കോർപറേഷൻ പരിധിയിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് അതോറിറ്റി രൂപീകരിക്കുന്നത്. തുടർന്ന് ജിഡ, ജിസിഡിഎ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും അതോറിറ്റിയുടെ നേതൃത്വത്തിൽ വാഹന സൗകര്യം ഒരുക്കും.
യാത്രക്കാരുടെ ആവശ്യത്തിനും താല്പര്യത്തിനും അനുസരിച്ച് പൊതുഗതാഗതം ഒരുക്കുക എന്നതാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. റയിൽവേ, മെട്രോ റയിൽ, ബസ് സർവീസ്, ടാക്സി സർവീസ്, ഓട്ടോറിക്ഷ, സൈക്കിൾ തുടങ്ങിയ ഗതാഗത മാർഗങ്ങളുടെ ഏകോപനം ഇതിനായി ആദ്യഘട്ടത്തിൽ ഉറപ്പാക്കി. സർവീസ് നടത്തുന്ന ബസുകളെയെല്ലാം ചേർത്ത് കമ്പനി രൂപീകരിച്ചു. ഓട്ടോ സർവീസുകളെല്ലാം ഒന്നിപ്പിക്കുന്ന സൊസൈറ്റിയുടെ രൂപീകരണവും പൂർത്തിയായി.