ന്യുഡല്‍ഹി : കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന മെട്രോ ട്രെയിന്‍ സര്‍വ്വീസുകള്‍ രാജ്യത്ത് പുനരാരംഭിച്ചു. അഞ്ചു മാസത്തിനു ശേഷമാണ് സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ സാധാരണ നിലയിലേക്ക് എത്തുന്നത്. കര്‍ശന സുരക്ഷാ പരിശോധനയും കൊവിഡ് മാനദണ്ഡവും പാലിച്ചാണ് സര്‍വ്വീസ് നടത്തുന്നത്. യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ ആരോഗ്യ ആപ് ഡൗണ്‍ലോഡ് ചെയ്യുകയും സ്‌റ്റേഷനുകളില്‍ വെച്ചിരിക്കുന്ന തെര്‍മല്‍ പരിശോധനയ്ക്ക് വിധേയമാകുകയും വേണം. ഓരോ കോച്ചിലും 30 യാത്രക്കാരെ മാത്രമായിരിക്കും അനുവദിക്കുക.
ഡല്‍ഹി, നോയിഡ, ചെന്നൈ, കൊച്ചി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ മെട്രോകളാണ് ഇന്ന് സര്‍വ്വീസ് പുനരാരംഭിക്കുന്നത്. എന്നാല്‍ മഹാരാഷ്ട്ര സര്‍വ്വീസ് ഈ മാസം പുനരാരംഭിക്കില്ല. ഡല്‍ഹി മെട്രോ നിലവില്‍ യെല്ലോ ലൈനിലാണ് സര്‍വ്വീസ് നടത്തുക. നോര്‍ത്ത് ഡല്‍ഹിയിലെ സമയപുര്‍ ബന്ദ്‌ലി മുതല്‍ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഹൂഡ സിറ്റി വരെയാണ് ഈ സര്‍വ്വീസ്. മറ്റ് ലൈനുകളിലുള്ള സര്‍വ്വീസുകള്‍ അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ പുനരാരംഭിക്കും. യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ ഡല്‍ഹി നെറ്റ്‌വര്‍ക്കില്‍ ആയിരത്തോളം അധിക ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. കൊച്ചി മെട്രോ ആലുവയില്‍ നിന്ന് ആദ്യ സര്‍വ്വീസ് ആരംഭിച്ചു.
സുരക്ഷാ മാനദണ്ഡപ്രകാരം, യാത്രക്കാര്‍ ടിക്കറ്റ് കൗണ്ടറില്‍ എത്തി ടിക്കറ്റ് എടുക്കുമ്പോള്‍ പണം നേരിട്ട് നല്‍കുകയല്ല, അവിടെയുള്ള പ്രത്യേക ബോക്‌സില്‍ നിക്ഷേപിക്കുകയാണ്. ബാലന്‍സ് തുക കൗണ്ടറില്‍ വെയ്ക്കും. തെര്‍മല്‍ സ്‌കാനിംഗ് അടക്കമുള്ള പരിശോധനകള്‍ക്കു ശേഷം ബാഗ് പരിശോധന നടത്തുകയും അണുവിമുക്തമാക്കുകയും ചെയ്യും. മെട്രോ ടെയിനിലേക്ക് കയറാനും ഇറങ്ങാനും പ്രത്യേക ഡോറുകള്‍ ആണുള്ളത്. എല്ലാ സ്‌റ്റേഷനുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ സംസാരം നിയന്ത്രിക്കണമെന്നും മെറ്റല്‍ സാധനങ്ങള്‍ പരമാവധി യാത്രയില്‍ ഒഴിവാക്കണമെന്നും സാനിറ്റൈസര്‍ കൈവശം സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.