പത്തനംതിട്ട : കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് എന്നിവരാണ് ഇതുസംബന്ധിച്ച വിഷയം ഉന്നയിച്ചത്.
കാട്ടുപന്നി ശല്യം രൂക്ഷമായ എല്ലാ ഗ്രാമപഞ്ചായത്തുകളും അടിയന്തിരമായി ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഡിഎഫ്ഒയ്ക്ക് നല്‍കണം. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമുള്ള പക്ഷം പന്നിയെ വെടിവയ്ക്കുന്നതിനുള്ള ഉത്തരവ് ഡിഎഫ്ഒ നല്‍കും. ഗ്രാമപഞ്ചായത്തുകളില്‍ ഒരാഴ്ചയ്ക്കകം ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. വന്യമൃഗശല്യം രൂക്ഷമാണെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. ചെറുകോല്‍, അയിരൂര്‍ എന്നിവിടങ്ങളില്‍ പന്നി ശല്യം രൂക്ഷമാണ്. വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്ന സാഹചര്യങ്ങളില്‍, ആളപായമില്ലാതെ ഇവയെ തിരികെ വനത്തിലേക്ക് കയറ്റി വിടുന്നതിന് മൊബൈലിലും മറ്റും ചിത്രങ്ങള്‍ എടുക്കുന്ന ആള്‍ക്കൂട്ടം തടസമാകുന്നത് ഒഴിവാക്കാന്‍ നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്നും അദ്ദേഹം പറഞ്ഞു. പന്നി ശല്യം രൂക്ഷമായ എല്ലാ പഞ്ചായത്തുകളും അടിയന്തിരമായി ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കി നല്‍കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. വന്യമൃഗശല്യം ഏറ്റവും രൂക്ഷമായ സ്ഥലമാണ് നാറാണംമൂഴി പഞ്ചായത്തെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് പറഞ്ഞു. വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതു തടയുന്നതിന് സൗരോര്‍ജ വേലി നിര്‍മിക്കുന്നത് ഉള്‍പ്പെടെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതുമൂലമുണ്ടാകുന്ന അടിയന്തിരസാഹചര്യം നേരിടുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
മുട്ടാര്‍ വലിയ തോട്ടിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് കല്ലിടുന്നതിന് റവന്യു വകുപ്പ് നടപടിയെടുക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. കുടിവെള്ള പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച കളക്ടറേറ്റില്‍ യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ മെഴുവേലി -കാരിത്തോട്ട സര്‍വീസ് റൂട്ട് മാറി ഓടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായും പരിഹാരം വേണമെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. അയിരൂര്‍ -കാഞ്ഞീറ്റുകര കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ജലം തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ കൂടി ലഭ്യമാക്കണം. പത്തനംതിട്ട, കോഴഞ്ചേരി വില്ലേജുകളില്‍ റീസര്‍വേ നടത്തണം. കോഴഞ്ചേരി കുടിവെള്ള പദ്ധതി ഉടന്‍ കമ്മീഷന്‍ ചെയ്യണം. ഇലന്തൂര്‍ നാല്, അഞ്ച് വാര്‍ഡുകളില്‍ സബ് കനാലില്‍ നിന്നുള്ള ജലവിതരണം പുനസ്ഥാപിക്കുന്നതിന് സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. എരുമക്കാട് കോളനിയില്‍ 15 വീടുകള്‍ അപകടാവസ്ഥയിലാണ്. ഇവര്‍ക്ക് പുതിയ വീടുകള്‍ നല്‍കുന്നതിന് ആവശ്യമായ നടപടിയെടുക്കണം. കോഴഞ്ചേരി-മരോട്ടിമുക്ക് റോഡിലെ പോസ്റ്റുകള്‍ കെഎസ്ഇബി വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം. പന്തളം -ഓമല്ലൂര്‍ റോഡില്‍ തുമ്പമണ്ണില്‍ പൈപ്പ് ഇടാന്‍ കുഴിയെടുത്ത മണ്ണില്‍ തട്ടി ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതിനു പരിഹാരം വേണം. പന്നിവേലിച്ചിറ മത്സ്യവിത്ത് ഉത്പാദന കേന്ദ്രത്തില്‍ ജലനിരപ്പ് താഴ്ന്നതു മൂലം മത്സ്യങ്ങള്‍ ചാകുന്നത് തടയുന്നതിന് പിഐപി കനാലില്‍ നിന്നുള്ള ജലം ഇവിടേക്ക് ലഭ്യമാക്കുന്നതിന് നടപടിയെടുക്കണം. കുളനട പഞ്ചായത്തിലെ വെട്ടിക്കുന്ന് കോളനിയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കണം. മഞ്ഞനിക്കര-ഇലവുംതിട്ട റോഡില്‍ പുതിയ പൈപ്പുകള്‍ മാത്രമേ വാട്ടര്‍ അതോറിറ്റി ഇടാവു. ഊന്നുകല്ലില്‍ കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു.
റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. 1999ല്‍ കൈവശ രേഖ ലഭിച്ച റാന്നി മണ്ഡലത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടിയെടുക്കണം. അയിരൂര്‍ കാര്‍മേല്‍ അഗതി മന്ദിരത്തില്‍ കിണറിനുള്ളിലെ പാറ പൊട്ടിക്കുന്നതിന് അനുമതി നല്‍കണം. ചേത്തയ്ക്കല്‍ വില്ലേജിലെ റീസര്‍വേ കഴിഞ്ഞെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. തുടര്‍നടപടി സ്വീകരിക്കണം. കാരമല ടാങ്കില്‍ നിന്നു തെള്ളിയൂരിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് പദ്ധതി വേണം. മണിയാര്‍-കട്ടച്ചിറ റോഡ് നവീകരണം നടത്തണം. ഏയ്ഞ്ചല്‍വാലിയില്‍ സര്‍വേ നടത്തിയിരുന്ന ഉദ്യോഗസ്ഥരെ പിന്‍വലിച്ചതിനു പരിഹാരം വേണം. കെഎസ്ആര്‍ടിസിയുടെ റാന്നി-ചെറുകോല്‍പ്പുഴ-കോട്ടയം ബസ് സര്‍വീസ് കൃത്യമായി നടത്തണം. അടിച്ചിപ്പുഴ പട്ടികവര്‍ഗ കോളനിയിലെ ഈട്ടിമൂട്ടില്‍-കൈപ്പുഴയിലേക്ക് പൈപ്പ് ലൈന്‍ വേണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജില്ലാ കളക്ടറുടെ ലാന്‍ഡ് ബാങ്ക് മുഖേന ഭൂമി വിതരണം ചെയ്യുന്ന പദ്ധതിയുടെ നടപടി ത്വരിതപ്പെടുത്തണം. ശബരിമല റോപ് വേ പദ്ധതി നടപ്പാക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും എംഎല്‍എ പറഞ്ഞു.
അടൂര്‍ സ്റ്റേഡിയം നിര്‍മാണം ആരംഭിക്കുന്നതിനു മുന്നോടിയായി റവന്യു സ്‌കെച്ച്, സൈറ്റ് പ്ലാന്‍ എന്നിവ റവന്യു വകുപ്പ് തയാറാക്കി കിറ്റ്കോയ്ക്ക് നല്‍കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. അടൂര്‍ പ്രൈവറ്റ് സ്റ്റാന്‍ഡിനു സമീപത്തെ ഓടകള്‍ പൂര്‍ണമായും സ്ലാബിട്ട് അപകടാവസ്ഥ ഒഴിവാക്കണം. പന്തളം മിനി സ്റ്റേഡിയം, പന്തളം റവന്യു ടവര്‍, നെടുങ്കുന്ന്മല, പോളച്ചിറ ടൂറിസം പദ്ധതികള്‍ നടപ്പാക്കണം. ഇവി റോഡ് നവീകരിക്കണം. കെഎപി കനാല്‍ ജലം പള്ളിക്കല്‍, തോട്ടുവ, വെള്ളച്ചിറ, കണ്ടാളന്‍ ക്ഷേത്രം എന്നീ മേഖലകളില്‍ ലഭ്യമാക്കണം. കടമ്പനാട് തുവയൂരിലെയും, പന്തളം പെരുമ്പുളിക്കലില്‍ മല്ലിക ഡിസ്ട്രിബ്യൂട്ടറിയുടെയും കനാലിലെ തകരാര്‍ പരിഹരിക്കണം. പന്തളത്ത് കെഎപി കനാലില്‍ നിന്നുള്ള ജലം പാടത്തേക്ക് എത്തിക്കണം. കുഴല്‍ക്കിണറുകളുടെ അറ്റകുറ്റപ്പണി നടത്തണം. എംസി റോഡില്‍ വട്ടത്തറപ്പടി, കെപി റോഡില്‍ ചേന്നംപള്ളി എന്നിവിടങ്ങളില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കണം. അടൂര്‍ കോത്രാട് തോടിനു സമീപം അപകടാവസ്ഥയിലായ വീടിന് സംരക്ഷണ ഭിത്തി കെട്ടി നല്‍കണം. മണ്ണടി കമ്പിത്താന്‍കടവില്‍ സംരക്ഷണഭിത്തി നിര്‍മിക്കണമെന്നും എംഎല്‍എ പറഞ്ഞു.
പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതി നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് പറഞ്ഞു. അത്തിക്കയം വില്ലേജിലെ റീസര്‍വേ നടപടി പുനരാരംഭിക്കണം. പ്ലാന്‍ഫണ്ടും തനതു ഫണ്ടും വിനിയോഗിച്ചു കഴിഞ്ഞതിനാല്‍ നാറാണംമൂഴി ഗ്രാമപഞ്ചായത്തിന് കുടിവെള്ള വിതരണത്തിന് പ്രത്യേക ഫണ്ട് അനുവദിക്കണം. കുഴല്‍കിണറുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ വി.ആര്‍. മുരളീധരന്‍ നായര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.