തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് വിട്ടു. എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിച്ചിരുന്ന എം.ജി.രാധാകൃഷ്ണന്‍ കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ചാനലില്‍ നിന്ന് പടിയിറങ്ങിയത്. മലയാളത്തിലെ പ്രമുഖ ദിനപത്രത്തിന്റെ എഡിറ്റര്‍ പദവി ലക്ഷ്യം വെച്ചാണ് അദ്ദേഹത്തിന്റെ പുതിയ നീക്കമെന്നാണ് സൂചന. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന അന്തരിച്ച പി. ഗോവിന്ദപ്പിളളയുടെ മകനും മന്ത്രി വി. ശിവന്‍കുട്ടിയുടെ ഭാര്യാ സഹോദരനുമായ എം.ജി.രാധാകൃഷ്ണനെ സര്‍ക്കാര്‍ പദവികളിലേക്ക് പരിഗണിക്കുന്നതായും അഭ്യൂഹമുണ്ട്. എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വാരികകളില്‍ ലേഖനം എഴുതുന്ന എം.ജി. രാധാകൃഷ്ണനെ മുഖ്യമന്ത്രിക്ക് അത്ര പഥ്യമല്ലെന്നതും പ്രശ്നമാണ്.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ജോണ്‍ ബ്രിട്ടാസ് എംപി വഴി അത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചു സര്‍ക്കാരിലേക്കെത്താനാണ് സാധ്യത. ടി.എന്‍.ഗോപകുമാറിന്റെ നിര്യാണത്തിന് ശേഷം ഏഷ്യാനെറ്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന എം.ജി.രാധാകൃഷ്ണന്‍, മനോജ് കെ.ദാസ് ഗ്രൂപ്പ് എഡിറ്ററായി എത്തിയതോടെ രാജിവെച്ച് പുറത്തു പോയിരുന്നു. പിന്നീട് മാനേജ്‌മെന്റ് സമ്മര്‍ദ്ദത്തില്‍ രണ്ടര ലക്ഷം രൂപ ശമ്പളത്തില്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായി തിരിച്ചുവന്നെങ്കിലും ചാനലിന്റെ നടത്തിപ്പിലോ വാര്‍ത്തകളുടെ സംപ്രേഷണം സംബന്ധിച്ച കാര്യങ്ങളിലൊ അദ്ദേഹത്തിന് ഒരു അധികാരവുമുണ്ടായിരുന്നില്ല. ചാനലിന്റെ തലസ്ഥാനത്തെ മുഖ്യ ഓഫീസിന് പുറത്തായിരുന്നു അദ്ദേഹത്തിന് ഇരിപ്പിടംപോലും നല്‍കിയിരുന്നത്.
ദൈനംദിന വാര്‍ത്തകളിലോ വാര്‍ത്താധിഷ്ഠിത പരിപാടികളിലോ റോള്‍ ഇല്ലാതെ വന്നതോടെ എം.ജി.രാധാകൃഷ്ണനും ചാനലില്‍ അത്ര സജീവം അല്ലായിരുന്നു. പദവി കൊണ്ട് ഗ്രൂപ്പ് എഡിറ്ററാണെങ്കിലും മനോജ് കെ. ദാസിനും ഇപ്പോള്‍ ചാനലിന്റെ ദൈനംദിന കാര്യങ്ങളില്‍ വലിയ റോളില്ലെന്നതാണ് സ്ഥിതി.ചാനലിന്റെ പ്രധാന ഉടമ രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്തന്‍ എന്നതാണ് മനോജ് കെ.ദാസിന്റെ പിന്‍ബലം. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന സിന്ധു സൂര്യകുമാറും സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍മാരായ വിനു വി. ജോണും പി.ജി.സുരേഷ് കുമാറും ചേരുന്ന ത്രിമൂര്‍ത്തി സംഘമാണ് ഇപ്പോള്‍ ചാനലിന്റെ നടത്തിപ്പ്. ടെലിവിഷന്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് വെല്ലുവിളികളില്ലാതെ തുടരുന്നതിനാല്‍ ഇവരുടെ അപ്രമാദിത്വത്തിന് മറ്റ് വെല്ലുവിളികളുമില്ല. സിന്ധു-വിനു-സുരേഷ് ത്രയത്തിന്റെ അധീശത്വത്തോട് കലഹിച്ച് അടുത്തകാലത്തായി നിരവധി പേര്‍ സ്ഥാപനത്തില്‍ നിന്ന് രാജിവെച്ചിരുന്നു. അതിന് പിന്നാലെയാണ് എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്ന് എം.ജി. രാധാകൃഷ്ണന്റെ രാജി.
വന്‍തുക നല്‍കി നിയമിച്ചിട്ടും സ്ഥാപനത്തിന് അതിന്റെതായ പ്രയോജനം ഇല്ലെന്ന വിലയിരുത്തലിലാണ് എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് എം.ജി. രാധാകൃഷ്ണന്റെ കരാര്‍ കാലാവധി ഏഷ്യാനെറ്റ് ന്യൂസ് പുതുക്കാതിരുന്നത്. കോവിഡ് പ്രതിസന്ധിയോടെ ലാഭത്തില്‍ വന്‍കുറവ് നേരിടുന്ന ചാനല്‍ കടുത്ത ചെലവ് ചുരുക്കലിലാണ്.ഗ്രൂപ്പ് എഡിറ്ററും അതിന് താഴെ എക്സിക്യൂട്ടിവ് എഡിറ്റര്‍മാരും അടങ്ങുന്ന വന്‍ എഡിറ്റോറിയല്‍ സംഘം ഉളളപ്പോള്‍ ചെലവ് ചുരുക്കലിന്റെ കാലത്ത് കണ്‍സള്‍ട്ടന്റിന്റെ ആവശ്യമില്ലത്രെ. സ്ഥാപനം ആഗ്രഹിക്കുന്ന തരത്തിലുളള പ്രവര്‍ത്തനം കൂടി ഇല്ലാത്ത സ്ഥിതിക്ക് കരാര്‍ പുതുക്കാതിരിക്കുന്നതാണ് ചാനലിന് ഗുണകരമെന്നായിരുന്നു മാനേജ്മെന്റ് നിഗമനം.