തിരുവല്ല : എം.ജി.എം. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചതിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ ഒന്നിന് തിരി തെളിയും. പരുമല മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്തായാണ് സ്കൂളിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. അദ്ദേഹം കാലം ചെയ്തതിനെ തുടർന്ന് മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ സ്കൂൾ എന്ന് നാമകരണം ചെയ്തു. രാജാ രവിവർമ വരച്ച പരുമല തിരുമേനിയുടെ എണ്ണച്ഛായാ ചിത്രം വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 1903 ജനുവരി 14 – ന് ആരംഭിച്ച ഈ സ്കൂളിൽ ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി 2000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു.
കാതോലിക്കേറ്റ് & എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ട ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായാണ്. സയൻസ് ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലായി നാല് ബാച്ചുകൾ പ്രവർത്തിക്കുന്നു.
1998 ൽ പ്രീഡിഗ്രി വേർപെടുത്തിയതിനെ തുടർന്ന് ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. 1998 ഓഗസ്റ്റ് പതിനെട്ടാം തീയതി ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഹയർ സെക്കൻഡറിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ജോൺ കുര്യൻ ആയിരുന്നു ആദ്യ പ്രിൻസിപ്പൽ ഇൻ ചാർജ്. സ്കൂളിന്റെ സർവതോന്മുഖമായ വളർച്ചയിൽ അന്നത്തെ മാനേജർ ആയിരുന്ന ഭാഗ്യ സ്മരണാർഹനായ തോമസ് മാർ അത്തനാസിയോസ് തിരുമേനി ബദ്ധശ്രദ്ധനായിരുന്നു. ഈ വിദ്യാലയം പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. യുവജനോൽസവം, ശാസ്ത്രോൽസവം, സാമൂഹിക ശാസ്ത്ര മേള തുടങ്ങിയവയിൽ ഒരു ദശാബ്ദത്തിലേറെയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തുന്നു. കായിക മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി വിഷ്ണു വിനോദ് കേരള ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമാണ്. ശാസ്ത്ര, സാങ്കേതിക, ആതുര, മാധ്യമ സേവനമേഖലകളിൽ ഈ കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ സർവ്വതോത്മുഖമായ വളർച്ച ലക്ഷ്യമാക്കി നാഷണൽ സർവീസ് സ്കീം, ഗൈഡ്സ്, സൗഹൃദ- കരിയർ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം 2023 ഡിസംബർ ഒന്നാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്കൂൾ മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ നിർവഹിക്കും. മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രപ്പോലീത്താ ജൂബിലി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് മുഖ്യ പ്രഭാഷണം നടത്തും. വൈദിക ട്രസ്റ്റി ഫാ.ഡോ തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഹയർ സെക്കന്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ അശോക് കുമാർ വി.കെ , മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് എന്നിവർ ആശംസകൾ അർപ്പിക്കും.
രജത ജൂബിലിയോട് അനുബന്ധിച്ച് സഹപാഠിക്കൊരു ഭവനം പദ്ധതി, ഗുരുവന്ദനം, പ്രശസ്ത വ്യക്തികളുമായുള്ള സംവാദം, പൂർവ വിദ്യാർത്ഥി സംഗമം, ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് , ലൈബ്രറി – സെമിനാർ ഹാൾ നവീകരണം തുടങ്ങി വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടന്ന് പ്രിൻസിപ്പൽ പി.കെ. തോമസ്, പിടിഎ പ്രസിഡന്റ് സാബു ജേക്കബ്, കമ്മറ്റി ചെയർമാൻമാരായ ജോജി പി തോമസ്, സനോജ് വർഗീസ് എന്നിവർ അറിയിച്ചു.