പത്തനംതിട്ട : കൊറോണ മുന്‍കരുതലിന്റെ ഭാഗമായി ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ അന്യസംസ്ഥാന സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന ഭക്ഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണസുരക്ഷിതത്വം ഉറപ്പാക്കുന്നതായി വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട കണ്ണങ്കരയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശിച്ച് അവരോടു സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ് എം.എല്‍.എ.
ക്യാമ്പില്‍ താമസിക്കുന്ന ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 35 തൊഴിലാളികളില്‍നിന്ന് എം.എല്‍.എ വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി. താമസിക്കുന്ന സ്ഥലത്തെ ഈ മാസത്തെ വാടക ഉടനെ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള അവശ്യ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ എത്തിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ക്യാമ്പിലെ തൊഴിലാളികള്‍ക്ക് കൊറോണ മുന്‍കരുതലിന്റെ ഭാഗമായ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തുന്നതിലും വീണാ ജോര്‍ജ് എം.എല്‍.എ പങ്കാളിയായി.
കോഴഞ്ചേരി താലൂക്കില്‍ മൂവായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളാണുള്ളതെന്ന് കണക്കാക്കിയിരിക്കുന്നതെന്നു കോഴഞ്ചേരി തഹസിദാര്‍ കെ.ഓമനകുട്ടന്‍ പറഞ്ഞു. വില്ലേജ് ഓഫീസര്‍മാര്‍ ഇവരുടെ പൂര്‍ണമായ കണക്ക് ഉടന്‍ പൂര്‍ത്തിയാക്കും. ഇവരില്‍ അവശ്യ ഭക്ഷ്യധാന്യങ്ങളും മറ്റും വേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ എത്തിച്ചുനല്‍കുന്നു. വില്ലേജ് ഓഫീസര്‍മാര്‍ ക്യാമ്പ് സന്ദര്‍ശിച്ച് പേര്, ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും അവശ്യ ഭക്ഷ്യധാന്യങ്ങള്‍ വേണ്ടവരുടെ പട്ടികയും തയ്യാറാക്കുന്നു. അരിയും പല വ്യജ്ഞനങ്ങളും സിവില്‍ സപ്ലൈസ് മുഖാന്തരവും ഉരുളകിഴങ്ങ്, സവാള പോലുള്ളവ ഹോര്‍ട്ടികോര്‍പില്‍ നിന്നും വാങ്ങി വില്ലേജ് ഓഫീസര്‍മാര്‍ അതിഥി തൊഴിലാളികളില്‍ ആവശ്യമുള്ളവര്‍ക്ക് എത്തിക്കുന്നു.
കോഴഞ്ചേരി താലൂക്കിലെ 11 വില്ലേജ് ഓഫീസര്‍മാര്‍ ഇന്ന് 600 അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള അരി, പലവ്യഞ്ജനം തുടങ്ങിയവ അവരുടെ ക്യാമ്പിലെത്തിക്കാന്‍ നടപടി സ്വീകരിച്ചു. ഇതിനുള്ള തുക സംസ്ഥാന ഡിസ്ട്രസ് റിലീഫ് ഫണ്ടില്‍നിന്നുമാണു വിനിയോഗിക്കുന്നത്. തൊഴിലാളികള്‍ക്കുള്ള അഞ്ചു കിലോ റേഷനും നല്‍കുന്നതിനുള്ള നടപടി ഇന്ന് സ്വീകരിച്ചു.
കണ്ണങ്കരയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ വീണാ ജോര്‍ജ് എം.എല്‍.എ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പം കോഴഞ്ചേരി തഹസിദാര്‍ കെ.ഓമനകുട്ടന്‍, ഡെപ്യൂട്ടി തഹസിദാര്‍ സാം.പി. തോമസ്, പത്തനംതിട്ട വില്ലേജ് ഓഫീസ് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രജീഷ്, ഹോമിയോ ഡോക്ടര്‍ ഡോ. നെബു മാത്യു തുടങ്ങിയവരും ഉണ്ടായിരുന്നു.