പന്തളം : അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതിനു പന്തളം പോലീസ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. പന്തളം മുട്ടാര്‍, കളീക്കല്‍ പുത്തന്‍വീട്ടില്‍ ലുബൈന അഹമ്മദ് (61), മകന്‍ ഷമീം, മരുമകള്‍ ബിസ്മി ഷഫ്‌ന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ലുബൈനയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജ് മുറികളിലായി താമസിച്ച് വന്ന 53 അതിഥി തൊഴിലാളികള്‍ക്കുള്ള വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. കേസ് എടുത്തതിനെ തുടര്‍ന്ന് നഗരസഭാ അധികൃതരും പോലീസും ചേര്‍ന്ന് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.
ജില്ലയിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ എം.എല്‍.എ മാര്‍ക്കൊപ്പം ജില്ലാ പോലീസ് മേധാവിയുടെയും ഡിവൈ.എസ്.പി മാരുടെയും നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. രോഗഭീഷണി നിലനില്ക്കുന്നത് സംബന്ധിച്ച് ബോധവത്കരണം നടത്തുകയും എല്ലാത്തരം സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനായി ഫോണ്‍ നമ്പരുകള്‍ നല്കുകയും ഒരു കാരണവശാലും പുറത്തിറങ്ങി നടക്കരുതെന്നും നിര്‍ദ്ദേശിച്ചു. ജനമൈത്രി പോലീസിനെയും മറ്റും ഉപയോഗിച്ച് ഓരോ ക്യാമ്പിലും താമസിക്കുന്നവരുടെ എണ്ണം ശേഖരിക്കുന്നതിനും വിവിധ ആവശ്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തി സഹായങ്ങള്‍ എത്തിക്കുന്നതിന് ഏര്‍പ്പാട് ചെയ്തതായും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഉത്തരവ് പ്രകാരം ആരുംതന്നെ വരുന്ന ഒരു മാസത്തേക്ക് വാടക വാങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്. എതിരായി പ്രവര്‍ത്തിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കും. അതിഥി തൊഴിലാളികള്‍ക്ക് സഹായത്തിനായി ഏത് സാഹചര്യത്തിലും പോലീസിനെ ബന്ധപ്പെടാം. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കും. നിസാര കാര്യങ്ങള്‍ക്ക് യാത്രചെയ്യുന്നതു തടഞ്ഞ് കേസെടുത്ത് വാഹനം പിടിച്ചെടുക്കുന്ന നടപടി തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അവശ്യസാധനങ്ങള്‍ വില്ക്കുന്ന കടകളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് തടയും. കടകളില്‍ വരുന്നവര്‍ സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് കടയുടമകള്‍ ഉറപ്പാക്കണം. ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെത്തുന്നവര്‍ വരി നില്‍ക്കണമെന്നും സാമൂഹ്യനന്മയെക്കരുതി എല്ലാവരും പോലീസിനോട് സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി അഭ്യര്‍ഥിച്ചു.