പത്തനംതിട്ട : ജില്ലാ ലേബര്‍ ഓഫീസ് കേന്ദ്രീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ ആശങ്ക അകറ്റാനും സംശയ നിവാരണത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. 0468 2222234, 9464912876 എന്നീ നമ്പരുകളില്‍ തൊഴിലാളികള്‍ക്ക് സംശയനിവാരണം നടത്താന്‍ കഴിയും.
ജില്ലയില്‍ നിലവില്‍ താമസിച്ച് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആധാര്‍, ടെലഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുളള വ്യക്തിഗത വിവര ശേഖരണം നടന്നുവരുന്നു. ഇതിനോടകം 9,589 പേരുടെ വിവരങ്ങള്‍ ശേഖരിക്കുകയും തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ തൊഴിലാളികളുടെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് ബോധവത്ക്കരണവും ലഘുലേഖകളും വാട്സ്ആപ് മെസേജുകളും ആവശ്യമായവര്‍ക്ക് മാസ്‌കുകളും വിതരണം ചെയ്തു വരുന്നു.
ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി എന്നിവരുടെ നേതൃത്വത്തില്‍ കണ്ണങ്കര, വലഞ്ചുഴി പ്രദേശങ്ങളിലെ വിവിധ ക്യാമ്പുകള്‍, ബസ് സ്റ്റാന്‍ഡ് എന്നിവ കേന്ദീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. റാന്നി ഉതിമൂട്, റാന്നി അങ്ങാടി കേന്ദ്രീകരിച്ച് കോവിഡ് ടെസ്റ്റുകളും സംഘടിപ്പിക്കുകയും പോസിറ്റീവ് ആയവരെ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സംരക്ഷണം, ക്ഷേമം, സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനും ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറും ഡെപ്യൂട്ടി കളക്ടര്‍ മെമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ അംഗങ്ങളുമായ ജില്ലാതല മോനിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കോവിഡ് ടെസ്റ്റ്, വാക്സിനേഷന് കോവിന്‍ പോര്‍ട്ടല്‍ മുഖേന രജിസ്ട്രേഷന്‍ സഹായം നല്‍കുക, ക്യാമ്പുകള്‍ ക്രമീകരിക്കുക, കോവിഡ് രോഗകളെ പാര്‍പ്പിക്കുക, താമസവും ഭക്ഷണം ഉറപ്പാക്കുക തുടങ്ങിയകാര്യങ്ങള്‍ അതിഥിതൊഴിലാളികള്‍ക്ക് ഉറപ്പാക്കി വരുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ജില്ലയില്‍ 5000 ഭക്ഷ്യകിറ്റുകള്‍ ജില്ലാ ഭരണകേന്ദ്രം, സിവില്‍ സ്പ്ലൈസ് എന്നിവയുടെ സഹായത്തോടെ തയാറാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ ക്യാമ്പുകളില്‍ വിതരണം ചെയ്തുവരുന്നു. ഇതുവരെ ഇത്തരത്തില്‍ 2,225 കിറ്റുകള്‍ വിതരണം ചെയ്തു. മല്ലപ്പളളി താലൂക്കില്‍ കോവിഡ് മൂലം മരിച്ച അസം സ്വദേശിയുടെ മൃതദേഹം പോലീസ്, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ തിരുവല്ല വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ‘ഹം സാഥ് ഹെ’ എന്ന ടെലിഫിലിം ജില്ലയിലെ തൊഴില്‍ വകുപ്പ് പുറത്തിറക്കുകയും ക്യാമ്പുകളില്‍ പ്രൊജക്ടറിന്റെ സഹായത്തോടെ അവര്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമായി ജില്ലയില്‍ സി.എഫ്.എല്‍.ടി.സി തുടങ്ങുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വേതന കുടിശ്ശിക, വാടക കുടിശ്ശിക തുടങ്ങിയ പരാതികളില്‍ സമയബന്ധിതമായി ഇടപെട്ട് സത്വര നടപടികള്‍ സ്വീകരിച്ച വരുന്നു. സേവന സന്നദ്ധരായ ചുമട്ടു തൊഴിലാളികള്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓക്സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് നടത്തുന്നതിന് തയാറായി മുന്നോട്ട് വന്നിട്ടുണ്ട്. അവരെ ഓക്സിജന്‍ വാര്‍റൂമുകളുടെ സുഗമമായ പ്രവര്‍ത്തനത്തില്‍ പങ്കുവഹിക്കുന്നു.
തോട്ടം മേഖലയില്‍ പ്ലാന്റേഷന്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ തോട്ടം സന്ദര്‍ശിച്ച് മേനേജ്മെന്റ്, ട്രേഡ് യൂണിയനുകള്‍, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കോവിഡ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് പോസിറ്റീവ് ആകുന്നവരെ പ്രത്യേക ലയത്തില്‍ മാറ്റിപ്പാര്‍പ്പിക്കല്‍, ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുളള എല്ലാ തൊഴിലാളികള്‍ക്കും കോവിഡ് സംബന്ധമായ ബോധവത്കരണം നടത്തുന്നതിന് വിവിധ സന്നദ്ധ സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങിയവയുടെ സേവനം ജില്ലയില്‍ ഉറപ്പാക്കിയിട്ടുണ്ട്.